
ബീജിംഗ് : കൊവിഡ് 19ന് കാരണക്കാരായ കൊറോണ വൈറസ് കഴിഞ്ഞ വർഷം ലോകത്തിന്റെ പല ഭാഗത്തായി പൊട്ടിപ്പുറപ്പെട്ടതാണെന്നും തങ്ങൾ അത് ആദ്യം അത് റിപ്പോർട്ട് ചെയ്തുവെന്ന് മാത്രമാണെന്നും ചൈന. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതെന്ന നിഗമനത്തെ പാടേ നിഷേധിക്കുന്നതാണ് ചൈനയുടെ പുതിയ വാദം.
വുഹാനിലിലെ ലാബിൽ ചൈനീസ് ഭരണകൂടം സൃഷ്ടിച്ച ജൈവായുധമാണ് കൊവിഡ് എന്ന് യു.എസ് ആരോപണങ്ങൾ തുടർച്ചയായി നിഷേധിച്ചതിന് പിന്നാലെയാണ്, കൊവിഡിന്റെ ഉത്ഭവസ്ഥാനം വുഹാനിലെ വെറ്റ് മാർക്കറ്റ് ആണെന്ന സിദ്ധാന്തത്തിൽ നിന്നും ചൈന തലയൂരാൻ നോക്കുന്നത്. വവ്വാലിൽ നിന്നും ഈനാംപേച്ചി ഉൾപ്പെടെ വുഹാൻ വെറ്റ് മാർക്കറ്റിൽ വില്പനയ്ക്ക് വച്ചിരുന്ന ഏതോ ജീവിയുടെ മാംസത്തിൽ നിന്നാണ് കൊവിഡ് ആദ്യമായി മനുഷ്യരിലേക്കെത്തിയതെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക കണ്ടെത്തൽ.
ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ച്യുൻയിംഗ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്ഭവിച്ച വൈറസ് ചൈനയിലെത്തിയപ്പോൾ അധികൃതർ അത് തിരിച്ചറിയുകയും രോഗത്തിന് കാരണമായ വൈറസിനെ കണ്ടെത്തി അതിന്റെ ജനിതക ഘടന ലോകത്തോട് വെളിപ്പെടുത്തുകയുമാണ് തങ്ങൾ ചെയ്തതെന്ന് ച്യുൻയിംഗ് പറയുന്നു. കൊവിഡിന്റെ കാര്യത്തിൽ ചൈന ഒളിച്ചു കളി നടത്തുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ച്യുൻയിംഗ്.