
കൊച്ചി: സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോയിൻസു കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ ഒപ്പുവച്ചു. ഹരാരെയിൽ നിന്നുള്ള താരം സിംബാബ്‌വെൻ ക്ലബായ അമാസുലു എഫ്.സിക്കൊപ്പമാണ് സീനിയർ കരിയർ തുടങ്ങിയത്. 2005ൽ മാസ്വിങോ യുണൈറ്റഡിനൊപ്പം ചേർന്നു. സിംബാബ്‌വെ പ്രീമിയർ സോക്കർ ലീഗിലെ ഒരു സീസണിനുശേഷം 2007ൽ പോളണ്ടിലേക്ക് മാറി. വായ്പ അടിസ്ഥാനത്തിൽ കെ.എസ് വിസ്‌ല ഉസ്‌ത്രോണിയങ്കയ്ക്കായി കളിച്ച താരം 2008 മുതൽ രണ്ടു സീസണുകളിലായി പോളിഷ് ടീമായ സാഗ്ലെബി ലൂബിന് വേണ്ടിയും പ്രതിരോധം കാത്തു. ലൂബിന് വേണ്ടി 136 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ നേടിയ കോസ്റ്റ പോളിഷ് ലീഗിലെ ഏറ്റവും മൂല്യമുള്ള സെന്റർ ബാക്കായി മാറി. 2013ലാണ് ചെക്ക് വമ്പൻമാരായ സ്പാർട്ട പ്രാഗിലേക്കുള്ള കൂടൂമാറ്റം. ക്ലബ്ബിന് വേണ്ടി ഏഴു സീസണുകളിലായി ഇരുനൂറിലധികം മത്സരങ്ങൾ കളിച്ചു. യൂറോപ്പ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗുകളിൽ ടീമിന്റെ നായകനായി.
സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് മികച്ച ഒരു പദ്ധതിയുണ്ട്. പുതിയ സഹതാരങ്ങളെ കണ്ടുമുട്ടുന്നതും പുതിയ സംസ്‌കാരങ്ങൾ പഠിക്കുന്നതും എന്നെ മോഹിപ്പിക്കുന്നു. ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്നതിന് പരമാവധി ശ്രമിക്കും. ആരാധകർ നൽകുന്ന ആവേശം വളരെ അധികം ആകർഷിക്കുന്നുണ്ട്. എന്നിൽ വിശ്വാസമർപ്പിച്ചതിന് മാനേജ്‌മെന്റിനും ഒപ്പം ക്ലബിനെ പരിചയപ്പെടുത്തിയതിന് ഏജന്റിനും നന്ദി പറയുന്നു. 'ഒരേയൊരു പ്രണയം, മഞ്ഞപ്പടയോട്'.
കോസ്റ്റ നമോയിൻസു