
മധുര: മോഷണം നടത്തി മുങ്ങുന്ന നിരവധി തസ്ക്കരന്മാരുടെ കഥകളും വാർത്തകളും നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ മോഷ്ടിക്കാൻ വന്ന കള്ളൻ കട ഉടമയ്ക്ക് കുറിപ്പ് എഴുതിവച്ച് മോഷ്ടിക്കുന്നത് സിനിമകളിൽ മാത്രം കണ്ട് വന്നിട്ടുള്ള കാര്യമാണ്. ഇത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉസിലാംപട്ടി-മധുര റോഡിനടുത്തുള്ള ഒരു കടയിൽ സംഭവിച്ചത്.
ജീവൻ പണയം വച്ച് ഉസിലാംപട്ടി സൂപ്പർ മാർക്കറ്റിലെ കട കുത്തിത്തുറന്ന് അകത്ത് കടന്ന കള്ളൻ ഡ്രോയറിൽ നോക്കിയപ്പോൾ കണ്ടത് വെറും അയ്യായിരം രൂപമാത്രം. ഏറെ പ്രതീക്ഷകളോടെ വന്ന കള്ളൻ ഇതുമാത്രമായി മടങ്ങി പോകാൻ തയ്യാറായില്ല. പിന്നെ ഒന്നും നോക്കിയില്ല. കടയിൽ ഉണ്ടായിരുന്ന രണ്ട് കംപ്യൂട്ടറുകളും ടീവിയും അങ്ങ് പൊക്കി. എന്നാൽ സംഭവത്തിൽ കുറ്റബോധം തോന്നിയ കള്ളൻ കട ഉടമയ്ക്ക് ഒരു കത്തെഴുതി.
"ക്ഷമാപണം, എനിക്ക് വിശക്കുന്നു. നിങ്ങൾക്ക് ഒരു ദിവസത്തെ വരുമാനം മാത്രമേ നഷ്ടമായിട്ടുള്ളൂ, പക്ഷേ ഇത് എന്റെ മൂന്ന് മാസത്തെ വരുമാനത്തിന് തുല്യമാണ്. ഒരിക്കൽ കൂടി എന്റെ ക്ഷമാപണം." കത്തിൽ മോഷ്ടവ് പറയുന്നു. താൻ ജീവൻ പണയം വച്ചാണ് കടകുത്തിതുറന്നത്.എന്നാൽ കടയിൽ അധിക പണം ഇല്ലാതിരുന്നതിനാൽ ഇതേല്ലാം എടുക്കുന്നുവെന്നും മോഷ്ടാവ് കത്തിൽ വ്യക്തമാക്കി.
കടയിൽ നിന്നും 65,000 രൂപയുടെ സാധനങ്ങൾ മോഷണം പോയതായി ഉടമസ്ഥൻ രാംപ്രകാശ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ രേഖയും കള്ളൻ മോഷ്ടിച്ചതായി ഉസിലാംപട്ടി ടൗൺ പൊലീസ് അറിയിച്ചു. സംഭവത്തിൽ ഐ.പി.സി 457, 380 വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.