
മുംബയ്: പരമ്പരാഗതമായി ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ ശോഭിക്കുന്നത് രാഷ്ട്രീയത്തിലാണ്. ജവഹർലാൽ നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെയുള്ള, ഗാന്ധി കുടുംബാംഗങ്ങൾ ഇന്ത്യൻ ജനതയുടെ പ്രിയപ്പെട്ട നേതാക്കളാണ്. എന്നാൽ, പ്രിയങ്ക ഗാന്ധിയുടെ മകനായ റെയ്‌ഹാൻ രാജീവ് വാധ്രയ്ക്ക് കമ്പം വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലാണ്. രാഷ്ട്രീയത്തിൽ പ്രിയങ്ക ചുവടുറപ്പിക്കുമ്പോൾ 20 കാരനായ മകൻ ക്യാമറയ്ക്ക് പിന്നാലെയാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ അമ്പരപ്പിക്കുന്ന കഴിവാണ് റെയ്‌ഹാന്. രത്തംബോർ ദേശീയ പാർക്കിൽ നിന്നും റെയ്‌ഹാൻ പകർത്തിയ കടുവകളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.
കുറ്റിച്ചെടികൾക്കുള്ളിൽ പതുങ്ങിയിരിക്കുന്ന കടുവയുടെ ചിത്രം കഴിഞ്ഞ ദിവസമാണ് റെയ്‌ഹാൻ പങ്കുവച്ചത്. ‘ഐ സ്‌പൈ’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരുന്നത്. തിളങ്ങുന്ന കണ്ണുകളോടെയുള്ള കടുവയുടെ നോട്ടം വിസ്മയിപ്പിക്കുന്നതാണ്. ക്ഷമയും കൃത്യതയും ഒത്തുചേർന്ന ചിത്രം എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് ചിത്രത്തിനു താഴെ നിറയുന്നത്. ഇതോടെ റെയ്‌ഹാൻ പങ്കുവച്ച മറ്റ് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. കടുവകളുടെ ചിത്രങ്ങളാണ് കൂടുതലും പകർത്തിയിരിക്കുന്നത്.