
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം സിംഗിൾസ് കിരീടം പോളണ്ടിൽ നിന്നുള്ള പത്തൊമ്പതുകാരിയായ ഈഗ ഷ്വീയോൺടെക് സ്വന്തമാക്കി. യു.എസിന്റെ ഇരുപത്തൊന്നുകാരിയായ താരം സോഫിയ കെനിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ലോക 54ാം റാങ്ക് താരമായ ഈഗ കീഴടക്കിയത്. ലോക ആറാം റാങ്ക് താരമാണ് സോഫിയ. ഒരു ഗ്രാൻസ്‌ലാം സ്വന്തമാക്കുന്ന ആദ്യ പോളണ്ടുകാരിയാണ് ഈഗ. ഒരു മണിക്കൂറും 24 മിനിറ്റും നീണ്ടുനിന്ന ഉശിരൻ പോരിന്റ സ്കോർ : 6 - 4, 6 - 1 എന്നാണ്.
ടൂർണമെന്റിൽ ഒരു സെറ്റ് പോലും നഷ്ടമാകാതെയാണ് ഈഗയുടെ നേട്ടം. ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗത്തിൽ സിംഗിൾസ് കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ഈഗ. മോണിക സെലസ് ആണ് ഏറ്റവും പ്രായം കുറഞ്ഞ വനിതാ വിഭാഗം കിരീട ജേതാവ് എന്ന റെക്കോർഡിനുടമ. 16ാം വയസിലായിരുന്നു മോണിക്കയുടെ നേട്ടം. അരാൻട്സ്ക സാഞ്ചസ് ( 17 ), സ്റ്റെഫ് ഗ്രാഫ് ( 17 ) എന്നിവരാണ് തൊട്ടുപിറകിൽ.
2007ൽ ജസ്റ്റിൻ ഹെനിനു ശേഷം ഒരു സെറ്റ് പോലും നഷ്ടമാകാതെ ഇതാത്യമായാണ് ഒരു വനിതാ താരം ഫ്രഞ്ച് ഓപ്പൺ കിരീടം കീഴക്കുന്നത്. ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗത്തിൽ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം സീഡില്ലാ താരമെന്ന നേട്ടവും ഈഗ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. ഈഗ മുമ്പ് ഫ്രഞ്ച് ഓപ്പൺ ഡബിൾസ് സെമിയിലെത്തിയിട്ടുണ്ട്. 2018ൽ വിംബിൾടൺ ജൂനിയർ കിരീടം സ്വന്തമാക്കിയിരുന്നു ഈഗ. 4 വർഷം മുമ്പ് ഫ്രഞ്ച് ഓപ്പൺ ജൂനിയർ വിഭാഗം 3ാം റൗണ്ടിൽ ഈഗ ഇത്തവണത്തെ എതിരാളിയായിരുന്ന സോഫിയ കെനിനെ തന്നെ പരാജയപ്പെടുത്തിയിരുന്നു. 2018ൽ ബ്യൂണസ് ഐറീസിൽ വച്ച് നടന്ന സമ്മർ യൂത്ത് ഒളിമ്പിക്സിൽ ഡബിൾസ് വിഭാഗത്തിൽ ഈഗ സ്വർണ മെഡൽ നേടിയിരുന്നു.