
പാരീസ്: ടെന്നീസിൽ പുതു ചരിത്രമെഴുതി ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടത്തിൽ ഇഗ സ്വിയാറ്രെക് മുത്തമിട്ടു. ഇന്നലെ നടന്ന ഫൈനലിൽ യു.എസ് താരം സോഫിയ കെനിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് പത്തൊമ്പതുകാരിയായ പോളിഷ് താരം സ്വിയാറ്രെക് ചാമ്പ്യനായത്. 6-4,6-1നാണ് സ്വിയാറ്റെക് കെനിന്റെ വെല്ലുവിളി അവസാനിപ്പിച്ചത്.
സീഡില്ലാതാരമായി ഫ്രഞ്ച് ഓപ്പണിനെത്തിയ ഇഗ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ പോളിഷ് നവനിതാ താരമാണ്. ടൂർണമെന്റിൽ ഉടനീളം ഒരു സെറ്റു പോലും നഷ്ടമാക്കാതെയാണ് ഇഗയുടെ കിരീട ധാരണം. 2007ൽ ജസ്റ്റിൻ ഹെനിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഇഗ.1992ൽ മോണിക്ക സെലസിന് ശേഷം ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ വനിതാ താരം കൂടിയാണ് ഇഗ. മറുവശത്ത് ഇത്തവണത്തെ ആസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ സോഫിയ കെനിന് ഇടതു കാലിലെ പരിക്ക് മത്സരത്തിലുടനീളം വില്ലനാവുകയായിരുന്നു.
നദാൽ-ജോക്കോവിച്ച് പോരാട്ടം
പുരുഷ സിംഗിൾസിൽ ഇന്ന് നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ നിലവിലെ ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം. സെമിയിൽ ഡിയാഗോ ഷ്വാർട്ട്സ്മാനെ നേരിട്ടുള്ള സെറ്റുകളിൽ 6-3, 6-3, 7-6 ന് കീഴടക്കിയാണ് നദാൽ തന്റെ പതിമ്മൂന്നാം ഫ്രഞ്ച് ഓപ്പൺ ഫൈനലിന് യോഗ്യത നേടിയത്. സിറ്റ്‌സിപാസിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-3,6-2,5-7,4-6,6-1ന് കീഴടക്കിയാണ് ജോക്കോവിച്ച് ഫൈനലിൽ എത്തിയത്.