
ന്യൂഡൽഹി: 19 വയസുകാരിയായ ദളിത് പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്രസ് കേസ് അന്വേഷിക്കാൻ സി.ബി.ഐ എത്തുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ശനിയാഴ്ച വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ന് രാത്രിയോടെയോ നാളെ പുലർച്ചെയോടെയോ കേസിൽ സി.ബി.ഐ എഫ്.ഐ .ആർ രജിസ്റ്റർ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. യു.പി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ അന്വേഷണ ഏജൻസി വീണ്ടും രജിസ്റ്റർ ചെയ്യുകയാണ് ചെയ്യുക.
കേസ് സി.ബി.ഐയ്ക്ക് നൽകണമെന്ന ആവശ്യവുമായി രണ്ടു ദിവസങ്ങൾക്ക് മുൻപ് ഒരു സന്നദ്ധ സംഘടന സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം വരുന്നത്. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് ഹാഥ്രസിലെ 19 വയസുകാരി ക്രൂരമായ കൂട്ടബലാസംഗത്തിനിരയാക്കപ്പെടുന്നത്.
ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരണപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെ മൃതദേഹം തിടുക്കപ്പെട്ട് ദഹിപ്പിച്ച യു.പി പൊലീസിന്റെ നടപടി രാജ്യവ്യാപകമായി പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.