covaccine

ന്യൂഡൽഹി:കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ഡി.സി.ജി.ഐയോട് അനുമതി തേടിയ ഭാരത് ബയോടെക്കിനോട് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പായി രണ്ടാംഘട്ട പരീക്ഷണത്തിന്റെ ഇമ്യൂണോജെനിസിറ്റി വിവരങ്ങൾക്കും സുരക്ഷാ വിവരങ്ങൾക്കുമൊപ്പം ചില വ്യക്തതകൾ നൽകാൻ വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ടു.

ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചുമായി ചേർന്നാണ് ഭാരത് ബയോടെക്, കൊവാക്‌സിൻ എന്ന കൊവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക് ഡി.സി.ജി.ഐയോട് അനുമതി തേടിയിരുന്നു.

10 സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിൽ 18 വയസിന് മുകളിലുള്ള 28,500 പേരിൽ പഠനം നടത്തുമെന്നാണ് കമ്പനി അപേക്ഷയിൽ പറഞ്ഞത്. എന്നാൽ, കൊവാക്‌സിൻ രണ്ടാം ഘട്ട പരീക്ഷണം ഇനിയും പൂർത്തിയായിട്ടില്ലെന്നും രണ്ടാമത്തെ ഡോസ് ചില സ്ഥലങ്ങളിൽ ഇനിയും നൽകിയിട്ടില്ലെന്നുമാണ് വിവരം.

മുന്നാംഘട്ട പരീക്ഷണത്തിനായുള്ള ഭാരത് ബയോടെക്കിന്റെ അപേക്ഷ ഒക്ടോബർ അഞ്ചിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ഒരു വിഷയ വിദഗ്ദ്ധ സമിതി അവലോകനം ചെയ്തിരുന്നു. കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ രൂപകൽപ്പന തത്വത്തിൽ തൃപ്തികരമാണെന്നും വിദഗ്ദ്ധ സമിതി വിലയിരുത്തി. എന്നിരുന്നാലും സമിതി ചില വ്യക്തതകൾ ആവശ്യപ്പെടുകയായിരുന്നു.