pic

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്നും കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. രാവിലെയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ 11 മണിക്കൂറുകൾക്ക് ശേഷമാണ് പൂർത്തിയായത്. വരുന്ന ചൊവ്വാഴ്ച ശിവശങ്കറിനോട് വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ ശിവശങ്കറിന്
ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും അന്വേഷണ സംഘം.

കഴിഞ്ഞ ദിവസവും എം.ശിവശങ്കറിനെ 11 മണിക്കൂറുകളോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ശിവശങ്കറിനോട് കൊച്ചിയിൽ തങ്ങാൻ ആവശ്യപ്പടുകയായിരുന്നു.2017ൽ കസ്റ്റംസ് തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്ത ഈന്തപ്പഴം കോൺസുലേറ്റിനു പുറത്തുള്ളവർ ഉപയോഗിച്ചുവെന്ന കേസിൽ ചോദ്യം ചെയ്യാനാണു ശിവശങ്കറിനെ വെള്ളിയാഴ്ച കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ വിളിച്ചുവരുത്തിയത്. എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലാണ് നിലവിൽ പുരോഗമിക്കുന്നത്.

ശിവശങ്കറിനെ കള്ളക്കടത്തുമായി നേരിട്ട് ബസിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ആദ്യഘട്ടത്തിൽ അന്വേഷണ എജൻസികൾ പറഞ്ഞിരുന്നത്. എന്നാൽ പുതിയ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും വച്ചാണ് എം.ശിവശങ്കറിനെ ചോദ്യം ചെയ്യലിനു ഇപ്പോൾ വിധേയമാക്കിയത്. കേസിലെ പ്രതി സ്വപ്നയുമായി നടത്തിയ ദുരൂഹ വാട്സാപ് ചാറ്റുകളെ പറ്റിയും ചോദ്യങ്ങളുണ്ടായി. സ്വപ്നയുടെ പണമിടപാടുകൾ, ലോക്കർ എടുത്തു നൽകാനിടയായ സാഹചര്യം, ലോക്കറിലെയും അക്കൗണ്ടുകളിലെയും പണത്തിന്റെ സ്രോതസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അന്വേഷണ സംഘം ആരാഞ്ഞു.