
കൊവിഡിന് ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യം റിലീസാകുന്ന ചിത്രം ഏതാണെന്ന് അറിയാൻ ഏവർക്കും ആകാംക്ഷയുണ്ടാകും. വിവേക് ഒബ്‌റോയ് നായകനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്രമോദി’ എന്ന ചിത്രമാണ് ആദ്യം റിലീസാവുക.
ചിത്രം ഒക്ടോബർ 15ന് റീ-റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. നരേന്ദ്ര മോദിയുടെ ജീവിതത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ആദ്യമായി പുറത്തിറങ്ങിയത് 2019 മെയ് 24നാണ്. അവസാനമായി തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രാഷ്ട്രീയ അജണ്ടകൾക്ക് ഇരയാക്കപ്പെട്ടുവെന്നും, അതിനാൽ ചിത്രം കാണാൻ സാധിക്കാതെ പോയവർക്കും വേണ്ടി ഒരിക്കൽ കൂടി സിനിമ തിയേറ്ററുകളിലെത്തിക്കുകയാണെന്നും സംവിധായകൻ സന്ദീപ് സിംഗ് സോഷ്യൽ മീഡിയയിൽ കുറിച്ചു.