sivasankar

കൊച്ചി: വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കസ്റ്റംസ് നിയമോപദേശം തേടിയതായി സൂചന. കേസിൽ സ്വീകരിക്കേണ്ട തുടർനടപടികളുമായി ബന്ധപ്പെട്ടാണ് നിയമോപദേശം തേടിയത്. പ്രതി ചേർക്കുന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമുണ്ടായേക്കും.

ശിവശങ്കർ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. കഴിഞ്ഞ ദിവസം അദ്ദേഹത്തെ 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.കേസിൽ ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ശിവശങ്കറിനെ സ്വർണക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ആദ്യഘട്ടത്തിൽ അന്വേഷണ എജൻസികൾ പറഞ്ഞിരുന്നത്.

പുതിയ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും വച്ചാണ് ശിവശങ്കറിനെ ചോദ്യം ചെയ്യലിനു ഇപ്പോൾ വിധേയനാക്കിയത്. കേസിലെ പ്രതി സ്വപ്നയുമായി നടത്തിയ വാട്സാപ് ചാറ്റുകളെ പറ്റിയും ചോദ്യങ്ങളുണ്ടായി. സ്വപ്നയുടെ പണമിടപാടുകൾ, ലോക്കർ എടുത്തു നൽകാനിടയായ സാഹചര്യം, ലോക്കറിലെയും അക്കൗണ്ടുകളിലെയും പണത്തിന്റെ സ്രോതസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അന്വേഷണ സംഘം ആരാഞ്ഞു.