
തൃശ്ശൂർ: തൃശ്ശൂർ ജയിൽ വകുപ്പിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രമായ 'അമ്പിളിക്കല'യിൽ രണ്ടു പേർക്ക് കൂടി മർദ്ദനമേറ്റതായി പരാതി. മോഷണക്കേസിലെ പ്രതികൾക്കാണ് മർദ്ദനമേറ്റത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
ആളൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിൽ മോഷണക്കുറ്റത്തിന് അറസ്റ്റിലായ പ്രതികൾക്കാണ് മർദ്ദനമേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീർ കസ്റ്റഡിയിൽ മർദ്ദനമേറ്റ് മരിച്ചത്. ഇതിന് പിന്നാലെയാണ് കൂടുതൽ പരാതികൾ പുറത്തുവരുന്നത്.
ഷെമീറിനൊപ്പം അറസ്റ്റിലായ രണ്ടു പേർക്കുകൂടി മർദ്ദനമേറ്റിരുന്നു. ഇവരുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. അറസ്റ്റിലാകുന്ന പ്രതികളെ ആദ്യം ' അമ്പിളിക്കല'യിലാണ് താമസിപ്പിക്കുന്നത്. കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇവരെ ജയിലിലേക്ക് മാറ്റുകയുള്ളൂ.