
കടലിന്റെ മകനും കാവലാളുമായിരുന്നു തോമസ് പീറ്റർ എന്ന ടി.പീറ്റർ. തൊഴിലാളി നേതാവ് എങ്ങനെയാകണം എന്നതിന് മാതൃകയാക്കാവുന്ന ഒരു പാഠപുസ്തകം . മത്സ്യത്തൊഴിലാളിയുടെ അന്തസ് ഉയർത്താനും, അവകാശങ്ങൾ നേടിയെടുക്കാനും, സമ്പത്ത് കൊള്ളയടിക്കുന്ന മാഫിയകളിൽ നിന്നും കടലിനെ സംരക്ഷിക്കാനും വേണ്ടിയുള്ള പോരാട്ടമായിരുന്നു നാളിതുവരെയുള്ള പീറ്ററിന്റെ ജീവിതം. വിശ്രമമില്ലാതെയുള്ള ആ ഓട്ടത്തിനിടെ തികച്ചും അപ്രതീക്ഷിതമായി വിധി ആ വിലപ്പെട്ട ജീവൻ തിരികെയെടുത്തു ." ഞാൻ നന്നായി പൊരുതി. എന്റെ ഓട്ടം പൂർത്തിയാക്കി."എന്ന വിശുദ്ധ പൗലോസ് തിമോത്തിയോസിന്റെ വാക്യംപോലെ, അറുപത്തിരണ്ടാം വയസിൽ വിടവാങ്ങുമ്പോൾ,ആ വലിയ നഷ്ടത്തിന്റെ തേങ്ങലിലാണ് തീരം.
തിരുവനന്തപുരത്ത് വേളിയിൽ മത്സ്യത്തൊഴിലാളികളായിരുന്ന തോമസിന്റെയും ക്ളെറിബെല്ലിന്റെയും മൂത്തമകനായ പീറ്റർ സ്വസ്ഥവും സുരക്ഷിതവുമായ ജീവിതപാതകളെ ഉപേക്ഷിച്ചാണ് സമരത്തിന്റെ കനൽവഴികളിലൂടെ നടന്നത്. ചാക്ക ഐ.ടി.ഐയിൽ പഠിച്ചിറങ്ങുമ്പോൾ പീറ്ററിനെ കാത്ത് രണ്ട് അവസരങ്ങൾ മുന്നിലുണ്ടായിരുന്നു.ഒന്ന് വി.എസ്.എസ്.സിയിലെ ജോലി. രണ്ട് ഗൾഫിലേക്ക് പോകാൻ അമ്മാവൻ നീട്ടിയ വിസ.അന്ന് ഗൾഫ് ബൂമിന്റെ തുടക്കകാലമായിരുന്നിട്ടും , അതല്ല തന്റെ ജീവിതദൗത്യം എന്ന ഉറച്ച തീരുമാനം പീറ്ററെടുത്തു .
മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ഫാദർ തോമസ് കോച്ചേരിയെപ്പോലുള്ളവർ നടത്തിയ പോരാട്ടങ്ങൾക്കൊപ്പം പീറ്റർ ചേർന്നു. തികഞ്ഞ രാഷ്ട്രീയബോധമുണ്ടായിരുന്നു. ഒപ്പം നിറുത്താനുള്ള മുന്നണികളുടെ ശ്രമങ്ങൾക്കും പാർലമെന്ററി വാഗ്ദാനങ്ങൾക്കും വഴങ്ങാതെ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ഉശിരൻ പ്രവർത്തകനും പിൽക്കാലത്ത് അതിന്റെ നായകനുമായി . പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചു. 1970 കളുടെ ഒടുവിലാണ് പീറ്ററെന്ന പോരാളിയുടെ ഉദയം.തിരുവനന്തപുരത്ത് പൊഴിയൂർ മുതൽ അഞ്ചുതെങ്ങിനടുത്ത് മാമ്പള്ളി വരെ സൈക്കിളിൽ തീരങ്ങളിലൂടെ സഞ്ചരിച്ച പീറ്ററിന് ഓരോ മത്സ്യത്തൊഴിലാളികളുടെയും പേരെടുത്തു വിളിക്കാനുള്ള അടുപ്പമുണ്ടായിരുന്നുവെന്ന് സന്തതസഹചാരിയും ഫിഷ് വർക്കേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റുമായ ആന്റോ ഏലിയാസ് പറഞ്ഞു.മത്സ്യ പ്രജനന കാലയളവിലെ ട്രോളിംഗ് നിരോധിക്കുന്നതടക്കം വിജയം നേടിയ ഒരുപാട് സമരങ്ങൾ നയിക്കാൻ പീറ്റർ മുന്നിൽ നിന്നു.ആശയവിനിമയത്തിന് തെരുവ് നാടകങ്ങൾ നടത്തി.അതിൽ നടനായും പീറ്റർ തിളങ്ങി.മത്സ്യത്തൊഴിലാളി പെൻഷൻ, മത്സ്യം വിൽക്കുന്ന സ്ത്രീകൾക്ക് സ്പെഷൽ ബസ് ,വി.എസ്.എസ്.സിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം തുടങ്ങി വിജയം നേടിയ ഒട്ടേറെ സമരങ്ങൾ.പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തകരായി അയച്ചതും പീറ്ററിന്റെ ആശയമായിരുന്നു.
ഇന്ത്യൻ തീരങ്ങളിൽ മാത്രമല്ല പീറ്ററിന്റെ ശബ്ദം മുഴങ്ങിയത്. നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായ പീറ്ററിനെ തേടി വേൾഡ് ഫിഷ് വർക്കേഴ്സ് ഫോറത്തിന്റെ നേതൃത്വ പദവിയുമെത്തിയിരുന്നു.2018 ൽ ഡൽഹിയിൽ നടന്ന ലോക മത്സ്യത്തൊഴിലാളി സമ്മേളനത്തിന്റെ ചുക്കാൻ പിടിച്ചത് പീറ്ററായിരുന്നു.36 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ആ സമ്മേളനം തുടർന്നുള്ള സാരഥ്യം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ പിന്നീടാകാമെന്നായിരുന്നു പീറ്ററിന്റെ മറുപടി..ലോക രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഭാഷാ പരിജ്ഞാനം ആവശ്യമാണെന്ന് മനസിലാക്കിയ പീറ്റർ ഇംഗ്ളീഷിലും കമ്പ്യൂട്ടറിലും സ്വയം പ്രാവീണ്യം നേടി.
ചെറിയ ഒരു പനി വന്ന് ആശുപത്രിയിൽ പോയതാണ് .പെട്ടെന്നത് ന്യുമോണിയയായി.കൊവിഡ് ബാധിച്ചതോടെ രോഗം മൂർച്ഛിക്കുകയായിരുന്നു." ഞങ്ങളുടെ കുടുംബത്തിന്റെ നട്ടെല്ലായിരുന്നു അച്ഛൻ. പുറത്ത് വലിയ നേതാവായിരിക്കുമ്പോഴും വീട്ടിൽ വന്നാൽ നല്ല അച്ഛനും അമ്മായി അച്ഛനും എന്റെ കുട്ടികൾക്ക് സ്നേഹവും വാത്സല്യവും വാരിക്കൊടുക്കുന്ന മുത്തച്ഛനുമായിരുന്നു.. " മകൾ ഡോണ വിതുമ്പി. പീറ്ററിന്റെ ഏക മകളാണ് ഡോണ. ടെക്നോപാർക്കിലെ ജീവനക്കാരായ മകൾക്കും ഭർത്താവ് ജിജോയ്ക്കും പേരക്കുട്ടികൾക്കുമൊപ്പമായിരുന്നു പീറ്ററിന്റെ താമസം. " എന്റെ മക്കളായ മിഹേലയും വാലന്റീനയും അച്ഛന് ജീവനായിരുന്നു ..അവരുടെ കുസൃതികൾക്കെല്ലാം ഇരുന്നു കൊടുക്കും. കുട്ടികൾ കമ്മലിടീക്കും, പൗഡറിട്ടും മുടി ചീകിയും ഒരുക്കും. ഒന്നിനും പരാതി പറയാതെ അവരെ ഓമനിക്കും . എല്ലാ ദിവസവും രാത്രി അച്ഛനും ഞാനും പന്ത്രണ്ടുമണിവരെയെങ്കിലും സംസാരിച്ചിരിക്കുമായിരുന്നു. ഒരു സുഹൃത്തിനോടെന്നപോലെയാണ് പെരുമാറിയിരുന്നത്. പേരക്കുട്ടികളെ ജിജോയുടെ വീട്ടിൽ നിന്ന് ഇരുപത് ദിവസമെങ്കിലും കഴിയാതെ കൊണ്ടുവരരുതെന്നായിരുന്നു,കൊവിഡ് സ്ഥിരീകരിച്ചപ്പോൾ അച്ഛൻ അവസാനമായി എന്നോട് പറഞ്ഞത്. ഡോണയ്ക് കരച്ചിലടക്കാനായില്ല.
തിരുവനന്തപുരം ബ്യൂറോയിൽ പ്രവർത്തിക്കുമ്പോഴാണ് പീറ്ററിനെ പരിചയപ്പെട്ടത്. കടൽ മേഖലയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും ഒരു എൻസൈക്ളോപീഡിയയായിരുന്നു പീറ്റർ.വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിലെ വരികൾ പീറ്ററിനു വേണ്ടി സമർപ്പിക്കട്ടെ...-- " നീ പത്രോസാണ്.ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും.നരക കവാടങ്ങൾ അതിനെതിരെ ബലപ്പെടുകയില്ല.സ്വർഗരാജ്യത്തിന്റെ താക്കോലുകൾ നിനക്ക് ഞാൻ തരും.നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും.നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും." പീറ്ററിന്റെ ആത്മാവിന് നിത്യശാന്തി.