drivers-cabin

 ലോക്ക്ഡൗണിന് ശേഷം അദ്യമായി പാസഞ്ചർ വാഹന വിപണി ലാഭപാതയിൽ

കൊച്ചി: കൊവിഡിനും മുമ്പേ തളർച്ചയുടെ ട്രാക്കിലായിരുന്നു ഇന്ത്യൻ വാഹന വിപണി. കൊവിഡും ലോക്ക്ഡൗണും വിരുന്നെത്തിയതോടെ, തകർച്ച പൂർണമായി! ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഏപ്രിലിൽ വിറ്റഴിഞ്ഞ പുതിയ വണ്ടികളുടെ എണ്ണം വട്ടപ്പൂജ്യമായിരുന്നു. പിന്നീട്, ആഗസ്‌റ്റ് വരെ നീണ്ട നഷ്‌ടഗാഥയ്ക്ക് വിരാമമിട്ട്, സെപ്‌തംബറിൽ ഇതാ നേട്ടത്തിന്റെ ഗിയറിലേറിയിരിക്കുകയാണ് റീട്ടെയിൽ പാസഞ്ചർ വില്പന.

ഡീലർമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) കണക്കനുസരിച്ച് സെപ്‌തംബറിൽ പാസഞ്ചർ വാഹന വില്പന 2019 സെപ്‌തംബറിനേക്കാൾ 9.81 ശതമാനം ഉയർന്നു. 1.95 ലക്ഷം പാസഞ്ചർ വാഹനങ്ങളാണ് (കാറുകൾ) കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്. 2019 സെപ്‌തംബറിലെ വില്പന 1.78 ലക്ഷം യൂണിറ്റുകളായിരുന്നു.

1.78 ലക്ഷം യൂണിറ്റുകളാണ് ഇക്കഴിഞ്ഞ ആഗസ്‌റ്റിലും വിറ്റഴിഞ്ഞത്. എന്നാൽ, മൊത്തം വാഹന വില്പന ആഗസ്‌റ്റിലെ 11.88 ലക്ഷത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം 13.44 ലക്ഷം യൂണിറ്റുകളിലേക്ക് മെച്ചപ്പെട്ടു. കഴിഞ്ഞവർഷം സെപ്‌തംബറിലെ മൊത്തം വാഹന വില്പന 14.98 ലക്ഷമായിരുന്നു; ഇടിവ് 10.24 ശതമാനം.

സെപ്‌തംബറിലെ വില്പന

വിഭാഗം സെപ്‌തം.2020 സെപ്‌തം.2019 വളർച്ച

ടൂവീലർ 10.16 ലക്ഷം 11.63 ലക്ഷം -12.62%

3 വീലർ 24,060 58,485 -58.86%

വാണിജ്യം 39,600 59,683 -33.65%

കാർ 1.95 ലക്ഷം 1.78 ലക്ഷം 9.81%

ട്രാക്‌ടർ 68,564 38,008 80.39%

മൊത്തം 13.44 ലക്ഷം 14.98 ലക്ഷം -10.24%

80.39%

ലോക്ക്ഡൗണിലും കാർഷിക മേഖല കാഴ്‌ചവയ്ക്കുന്ന മികച്ച ഉണർവും വിളവെടുപ്പ് കാലവുമാണ് ട്രാക്‌ടർ വിപണിക്ക് കരുത്താകുന്നത്. കഴിഞ്ഞമാസത്തെ വില്പന വളർച്ച 80.39 ശതമാനമാണ്. കേരളത്തിൽ വില്പന 7.69 ശതമാനം കുറഞ്ഞു.

കരകയറി കേരളവും

ലോക്ക്ഡൗണിൽ മുൻമാസങ്ങളെ അപേക്ഷിച്ച് റീട്ടെയിൽ വാഹന വില്പനയിൽ കേരളം സെപ്‌തംബറിൽ മികച്ച വളർച്ച നേടി. ആഗസ്‌റ്റിൽ മൊത്തം വാഹന വില്പന ഇടിവ് കേരളത്തിൽ 34.76 ശതമാനമായിരുന്നു. സെപ്‌തംബറിൽ നഷ്‌ടം 7.98 ശതമാനമായി കുറഞ്ഞു.

വില്പനക്കണക്ക്:

വിഭാഗം സെപ്തംബർ ആഗസ്‌റ്റ്

2 വീലർ 51,979 30,226

3 വീലർ 1,182 777

വാണിജ്യം 1,966 1,200

കാർ 17,934 9,566

ട്രാക്‌ടർ 24 5

മൊത്തം 73,085 41,774

ഇന്ത്യയുടെ സ്വന്തം താരങ്ങൾ

വിവിധ വാഹന ശ്രേണികളിൽ ഇന്ത്യയുടെ സ്വന്തം ബ്രാൻഡുകളാണ് സെപ്‌തംബറിലും ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. ടൂവീലർ വില്പനയിൽ ഹീറോ, ത്രീവീലറിൽ ബജാജ് ഓട്ടോ, വാണിജ്യ ശ്രേണിയിലും ട്രാക്‌ടറിലും മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കാറുകളിൽ മാരുതി എന്നിവ സെപ്‌തംബറിലും ഏറ്റവും വലിയ വളർച്ച നേടി. അതത് ശ്രേണികളിൽ ഈ കമ്പനികളുടെ കഴിഞ്ഞമാസത്തെ വിപണി വിഹിതം ഇങ്ങനെ:

ഹീറോ മോട്ടോകോർപ്പ് : 33.72%

ബജാജ് ഓട്ടോ : 38.03%

മഹീന്ദ്ര (വാണിജ്യം) : 35.04%

മാരുതി സുസുക്കി : 49.90%

മഹീന്ദ്ര (ട്രാക്‌ടർ) : 22.75%

മാരുതിപ്രിയം

ഇന്ത്യയിൽ വിറ്റഴിയുന്ന മികച്ച 10 കാറുകളിൽ ഏറ്റവുമധികം മാരുതിയാണ്. സെപ്‌തംബറിലെ ടോപ് 10ൽ ആറെണ്ണവും മാരുതി സുസുക്കിയുടെ താരങ്ങൾ. ആദ്യ അഞ്ച് സ്ഥാനവും മാരുതിക്ക് സ്വന്തം. ഹ്യുണ്ടായ്, കിയ എന്നിവയാണ് ടോപ് 10ൽ ഇടംപിടിച്ച മറ്റ് കമ്പനികൾ. കിയയുടെ ഏറ്റവും പുത്തൻ മോഡലായ സോണറ്റ് പത്താം സ്ഥാം നേടി.

വില്പനക്കണക്ക് ഇങ്ങനെ:

1. മാരുതി സ്വിഫ്‌റ്റ് : 22,643

2. മാരുതി ബലേനോ : 19,433

3. മാരുതി ഓൾട്ടോ : 18,246

4. മാരുതി വാഗൺആർ : 17,581

5. മാരുതി ഡിയസർ : 13,988

6. ഹ്യുണ്ടായ് ക്രെറ്റ : 12,325

7. ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 : 10,373

8. മാരുതി എർട്ടിഗ : 9,982

9. ഹ്യുണ്ടായ് എലൈറ്റ് ഐ20 : 9,852

10. കിയ സോണറ്റ് : 9,266