
ഇന്ത്യൻ സിനിമയിലെ വിശേഷണങ്ങൾ ആവശ്യമില്ലാത്ത വിശിഷ്ട താരമാണ് അമിതാബ് ബച്ചൻ. ബോളിവുഡിൽ മാത്രമല്ല ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരും ബിഗ്ബിയ്ക്കുണ്ട്. ഇന്ന് താരത്തിന്റെ എഴുപത്തിയെട്ടാം ജന്മദിനമാണ്. സോഷ്യൽ മീഡിയയിലൂടെ സിനിമ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിയാളുകൾ അദ്ദേഹത്തിന് ആശംസയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Many happy returns of the day dear Amitji. Prayers and best wishes for a great year ahead Sir 🎂@SrBachchan pic.twitter.com/joqUulMPUy
— Ajay Devgn (@ajaydevgn) October 11, 2020
ജന്മദിനം ആഘോഷിക്കുന്നതിനിടെയിലും ആശംസയറിയിച്ച ആരാധകരെ അദ്ദേഹം മറന്നില്ല. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആശംസയറിയിച്ചവർക്ക് ബച്ചൻ നന്ദി അറിയിച്ചിട്ടുണ്ട്. ആരാധകരുടെ സ്‌നേഹമാണ് ഏറ്റവും വലിയ സമ്മാനമെന്നും അദ്ദേഹം പറയുന്നു.
1942 ഒക്ടോബർ പതിനൊന്നിന് അലഹബാദിലാണ് ബച്ചൻ ജനിച്ചത്. 'ഇൻക്വിലാബ് ശ്രീവാസ്തവ'യെന്നായിരുന്നു പ്രശസ്ത കവിയും പിതാവുമായ ഹരിവംശ് റായ് മകനിട്ട പേര്.  കവി സുമിത്രാനന്ദൻ പന്തിന്റെ നിർദ്ദേശ പ്രകാരമാണ് അച്ഛൻ നൽകിയ പേര് മാറ്റി അദ്ദേഹം അമിതാഭ് ബച്ചൻ എന്ന പേര് സ്വീകരിച്ചത്.
ഡൽഹിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ കൊൽക്കത്തയിലെ ഒരു ഷിപ്പിംഗ് കമ്പനിയിൽ ഏഴ് വർഷത്തോളം  ജോലി ചെയ്തു. പിന്നീട് മുംബയിലേക്കെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള ശബ്ദം ചില സിനിമാപ്രവർത്തകരെ ആകർഷിച്ചു. അഭിനയം തുടങ്ങും മുൻപേ സിനിമയിൽ ശബ്ദത്തിലൂടെ സാന്നിദ്ധ്യം അറിയിച്ചു. പിന്നീടാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്.
1969-ൽ ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സൗത്ത് ഹിന്ദുസ്ഥാനിയിലൂടെയാണ് അഭിനയരംഗത്ത് അമിതാഭ് ബച്ചന്റെ അരങ്ങേറ്റം. 1973-ൽ പുറത്തിറങ്ങിയ സഞ്ജീറാണ് ബച്ചന്റെ ജീവിതത്തെ മാറ്റിമറിച്ചത്. കോൻ ബനേഗാ ക്രോർപതി എന്ന ടിവി ഷോയിലെ അവതാരകന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 1973ലാണ് ജയ ബച്ചനെ വിവാഹം ചെയ്യുന്നത്.
ഏറ്റവും കൂടുതൽ വരുമാനം നേടിയ ബിഗ് ബിയുടെ ചിത്രങ്ങൾ ഏതൊക്കെയാണെന്നറിയാമോ?
'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' -2018 ൽ പുറത്തിറങ്ങിയ വിജയ് കൃഷ്ണ ആചാര്യയുടെ ചിത്രമാണ് 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ'. ബച്ചനൊപ്പം ആമിർ ഖാനും ചിത്രത്തിന്റെ ഭാഗമായിരുന്നു. ഈ സിനിമയ്ക്ക് നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു വന്നിരുന്നതെങ്കിലും 138.34 കോടി രൂപ നേടി.കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
'പീക്കു'- ഇർഫാൻ ഖാൻ, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവർ അഭിനയിച്ച ഷൂജിത് സിർകാറിന്റെ 'പീക്കു' 2015 ൽ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ്. 78.38 കോടി രൂപയുടെ കളക്ഷൻ നേടി.
'പിങ്ക്'- അനിരുദ്ധ് റോയ് ചൗധരിയുടെ'പിങ്ക്' എന്ന ചിത്രത്തിലെ അമിതാഭ് ബച്ചൻ അതിശയകരമായ പ്രകടനം ഏവരെയും അമ്പരപ്പിച്ചു. തപ്സി പന്നു, കീർത്തി കുൽഹാരി, ആൻഡ്രിയ തരിയാങ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ദേശീയ അവാർഡും സ്വന്തമാക്കി.ബോക്സ് ഓഫീസിൽ 65.52 കോടി രൂപയുടെ കളക്ഷൻ നേടി.
'കഭി ഖുഷി കഭി ഗാം'- ഇന്ത്യൻ സിനിമയിലെ തന്നെ ഹിറ്റ് ചിത്രങ്ങളിലൊന്നാണിത്. 2001 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ 55.65 കോടി രൂപ നേടി. ചിത്രത്തിൽ ബിഗ് ബിക്ക് പുറമെ ജയ ബച്ചൻ, ഷാരൂഖ് ഖാൻ, കാജോൾ, ഹൃത്വിക് റോഷൻ, കരീന കപൂർ ഖാൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.