honda1

കൊച്ചി: ക്രൂസർ ശ്രേണിയിൽ തനത് റെട്രോ ക്ളാസിക് ലുക്കുമായി ഹോണ്ട അവതരിപ്പിക്കുന്ന ആദ്യ മോഡൽ ഹൈനസ് സിബി 350 വിപണിയിലേക്ക്. റോയൽ എൻഫീൽഡ്, ജാവ എന്നിവ അരങ്ങുവാഴുന്ന വിപണി കീഴടക്കുകയാണ് ലക്ഷ്യം. സിബി 350ന്റെ രണ്ടുവർഷമായുള്ള നിർമ്മാണനടപടികൾ പൂർണമായും രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു ഹോണ്ട.

തനത് ക്ളാസിക് ക്രൂസർ ലുക്കാണ് ഹൈനസ് സിബി 350നുമുള്ളത്. മുന്നിൽ മിഡ്-സൈസ് സർക്കുലർ ഹെഡ്‌ലാമ്പ്. പൂർണമായും എൽ.ഇ.ഡിയാണിത്. അകത്ത് ക്രോം വളയവും കാണാം. ഹെഡ്‌ലാമ്പിന് താഴെ ക്രോമിൽ തീർത്ത മഡ്‌ഗാഡിലേക്ക് നീളുന്ന പരമ്പരാഗത ടെലസ്‌കോപ്പിക് ഫോർക്ക്. വശങ്ങളിൽ 'ബുള്ളറ്റ് സ്‌റ്റൈൽ" എൽ.ഇ.ഡി ഇൻഡിക്കേറ്ററുകൾ. സ്‌പോക്ക് വീലുകൾക്ക് പകരം അലോയ് വീലുകളും ഇടംപിടിച്ചു.

ക്രൂസറുകൾക്ക് ഇണങ്ങിയതാണ് മിഡ്-സൈസ് ഇന്ധനടാങ്കും അതിലെ ഹോണ്ട ബാഡ്‌ജും നീളമേറിയ പ്രീമിയം സീറ്റും. എൻജിനും എക്‌സ്‌ഹോസ്‌റ്റും ക്രോമിൽ പൊതിഞ്ഞിരിക്കുന്നു. പിന്നിൽ, ട്വിൻ-സ്‌പ്രിംഗ് ഷോക്ക് അബ്‌സോർബറുകൾ. എൽ.ഇ.ഡിയിൽ തീർത്തതാണ്, വേറിട്ടതും ആകർഷകവുമായ ടെയ്ൽലൈറ്റ്.

സിംഗിൾ-പോഡ് അനലോഗ് ഇൻസ്‌ട്രുമെന്റ് പാനലും സമീപം ഡിജിറ്റൽ പാനലും ചേരുന്നതാണ് ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ. ടോപ് വേരിയന്റിൽ ബ്ളൂടൂത്ത് മുഖേന സ്മാർട്ട്ഫോൺ കണക്‌ട് ചെയ്യാനുള്ള ഓപ്‌ഷനുണ്ട്.

എൻജിൻ

 346 സി.സി., എയർകൂൾഡ്, സിംഗിൾ സിലിണ്ടർ

 കരുത്ത് 21 എച്ച്.പി., ടോർക്ക് : 30 എൻ.എം.

വില നിലവാരം

 ഡി.എൽ.എക്‌സ് : ₹1.85 ലക്ഷം

 ഡി.എൽ.എക്‌സ് പ്രോ : ₹1.90 ലക്ഷം