
ന്യൂഡൽഹി: കൊവിഡിലും ലോക്ക്ഡൗണിലും തളരാതെ കാർഷികോത്പന്ന കയറ്റുമതിയിൽ വിപ്ളവക്കുതിപ്പ്. 43.4 ശതമാനം വളർച്ചയോടെ നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസക്കാലത്ത് (ഏപ്രിൽ-സെപ്‌തംബർ) 53,626.60 കോടി രൂപയുടെ കാർഷികോത്പന്ന കയറ്റുമതി നടന്നുവെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ആറുമാസക്കാലയളവിലാണ് ഈ വിസ്മയ കയറ്റുമതി നേട്ടമുണ്ടായത്. 2019-20ലെ സമാനകാലയളവിൽ കയറ്റുമതി വരുമാനം 37,397.3 കോടി രൂപയായിരുന്നു. സെപ്‌തംബറിൽ മാത്രം കാർഷിക കയറ്റുമതി 81.7 ശതമാനം ഉയർന്നു. കഴിഞ്ഞവർഷം സെപ്‌തംബറിലെ 5,114 കോടി രൂപയിൽ നിന്ന് 9,296 കോടി രൂപയിലേക്കാണ് കുതിപ്പ്.
തിളക്കം ഇവയ്ക്ക്
 കപ്പലണ്ടി : 35%
 പഞ്ചസാര : 103%
 ഗോതമ്പ് : 206%
 ബസുമതി അരി : 13%
 ബസുമതി ഇതര അരി : 105%
43.4%
നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബറിലെ കാർഷികോത്പന്ന കയറ്റുമതി വളർച്ച.
₹53,626 കോടി
ഈ വർഷം ഏപ്രിൽ-സെപ്‌തംബറിൽ കാർഷിക കയറ്റുമതി വരുമാനം 53,626.60 കോടി രൂപ. 2019ലെ സമാനകാലത്ത് വരുമാനം 37,397.3 കോടി രൂപ.
81.7%
കഴിഞ്ഞമാസം കാർഷിക കയറ്റുമതി കുറിച്ച വളർച്ച.