
1. കേരളത്തില്‍ കൊവിഡ് വ്യാപനം അതീവ ഗുരുതരമെന്ന് ഐ.എം.എ. ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണം ഇരുപതിനായിരം ആയേക്കാം. ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളില്‍ പരിശോധന നടത്തണം എന്നും ഐ.എം.എ ആവശ്യപ്പെട്ടു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ട് ഉണ്ടെങ്കിലും ഇതൊരിടത്തും ഫലപ്രദമായി ഇല്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക ആണ് വേണ്ടത്. വിരമിച്ച ഡോക്ടര്‍മാരുടെ അടക്കം സേവനം ഉപയോഗിക്കണം എന്നും എല്ലാ ആയുധങ്ങളും എടുത്ത് പോരാടേണ്ട് സമയമാണ് ഇതെന്നും ഐ.എം.എ പറഞ്ഞു.
2. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് ബാധ കേരളത്തില്‍ ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 11,755 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതുവരെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി ഇരുന്ന മഹാരാഷ്ട്രയില്‍ 11,416 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 10,517ഉം ആന്ധ്രയില്‍ 5,653ഉം തമിഴ്നാട്ടില്‍ 5,242ഉം ആണ് പുതിയ കേസുകള്‍. ഡല്‍ഹിയില്‍ 2,860 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ 70 ലക്ഷവും മരണം 1,08,316ഉം കടന്നു. രോഗം ഭേദമായവരുടെ എണ്ണം 60 ലക്ഷവും കവിഞ്ഞു. രോഗമുക്തി നിരക്ക് 85.81 ശതമാനവും മരണനിരക്ക് 1.54 ശതമാനവുമാണ്
3 ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശം ഉടന്‍ എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, പാലാ സീറ്റ് സംബന്ധിച്ചുള്ള വാദ പ്രതിവാദങ്ങള്‍ ശക്തം. രാഷ്ട്രീയ നിലപാട് ഉടന്‍ പ്രഖ്യാപിക്കും എന്ന് ജോസ് കെ മാണി. മൂന്ന് ദിവസത്തിന് ഉള്ളില്‍ പ്രഖ്യാപനം ഉണ്ടാകും. അതിന് മുന്‍പുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തി ഇല്ല. പാലാ ഹൃദയ വികാരം എന്നും ജോസ് കെ മാണി. എന്നാല്‍ പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് ആവര്‍ത്തിക്കുക ആണ് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി. കാപ്പന്‍. ജോസ് കെ. മാണി ഇടത് മുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം
4 പാല കെ.എം മാണിക്ക് ഭാര്യയായിരുന്നു എങ്കില്‍ തനിക്ക് ചങ്കാണ്. ജോസിനെയും പാര്‍ട്ടിയേയും മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ പാലാ വിട്ടുനല്‍കിയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും എന്‍സിപി തയാറല്ല. മണ്ഡലത്തില്‍ യുദ്ധം ചെയ്തു ജയിച്ചു വന്നതാണ്. എന്‍സിപി മത്സരിച്ച് ജയിച്ച മൂന്ന് സീറ്റും വിട്ടുനല്‍കുന്ന പ്രശ്നമില്ല. പാലായില്‍ ഇപ്പോള്‍ മാണിയല്ല എംഎല്‍എ. വൈകാരിക ബന്ധംപറഞ്ഞ് വരണ്ട. രാജ്യസഭാ സീറ്റ് ആര്‍ക്ക് വേണമെന്നും കാപ്പന്‍ ചോദിച്ചു.
5 സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കസ്റ്റംസ് നിയമോപദേശം തേടി. ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ നിലവിലെ മൊഴികള്‍ പര്യാപ്തമാണോ എന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ കസ്റ്റംസിന്റെ പക്കലുണ്ടെങ്കിലും കാര്യങ്ങളില്‍ ഒന്നുകൂടി വ്യക്തത വരുത്തുന്നതിനാണ് നിയമോപദേശം തേടിയതെന്നാണ് ലഭിക്കുന്ന സൂചന. ചൊവ്വാഴ്ച ശിവശങ്കര്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. അന്നത്തെ ചോദ്യം ചെയ്യല്‍ അതുകൊണ്ടു തന്നെ നിര്‍ണ്ണായകമാണ്.
6 ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് ശിവശങ്കറെ കസ്റ്റംസ് വിട്ടയച്ചത്. സ്വപ്നയ്ക്കായി ലോക്കര്‍ എടുത്തു നല്‍കിയതും ഇരുവരും തമ്മിലുളള വാട്സ് ആപ്, ടെലിഗ്രാം ചാറ്റുകളും സംബന്ധിച്ചാണ് ഇന്നലെ കസ്റ്റംസ് വ്യക്തത തേടിയത്. ശിവശങ്കറിന്റെ മൊഴിയെടുക്കല്‍ നടന്ന അതേ സമയത്ത് തന്നെ സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ വിവിധ ജയിലുകളിലായി കസ്റ്റംസ് ചോദ്യം ചെയ്തു. ശിവശങ്കര്‍ പറയുന്നത് ശരിയാണോ എന്നറിയുന്നതിന് ആയിരുന്നു ഇത്.
7 രാജ്യത്തെ ഇടത് എം.പിമാരുടെ സംഘം ഇന്ന് ഹാഥ്രാസില്‍ എത്തും. സി.പി.എം, സി.പി.ഐ, എല്‍.ജെ.ഡി പാര്‍ട്ടികളുടെ എം.പിമാരാണ് ഹാഥ്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുക. കുടുംബാംഗങ്ങളില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും സംഘം വിവരങ്ങള്‍ ചോദിച്ചറിയും. ജില്ലാ കളക്ടറുമായും പൊലീസ് മേധാവിയുമായും എം.പിമാരുടെ സംഘം കൂടിക്കാഴ്ച നടത്തും. സന്ദര്‍ശന ശേഷം രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവര്‍ക്ക് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എളമരം കരീം, ബികാശ് രഞ്ജന്‍ ഭട്ടാചാര്യ ബനോയ് വിശ്വം, എം വി ശ്രേയാംസ് കുമാര്‍ എന്നീ എംപിമാരാണ് സംഘത്തില്‍ ഉള്ളത്
8 ഹഥ്രാസ് പെണ്‍കുട്ടിയുടെ മരണം ദുരഭിമാന കൊലയാണെന്ന ആക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികളുടെ കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. എന്നാല്‍ സഹോദരന്റെ മര്‍ദ്ദനമേറ്റാണ് പെണ്‍കുട്ടി മരിച്ചതെന്ന പ്രതികളുടെ ആരോപണം കുടുംബം നഷേധിച്ചു. അന്വേഷണം വഴിതിരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന കുടുംബത്തിന്റെ ആശങ്കക്കിടെയാണ് പ്രതികള്‍ എഴുതിയ കത്തിന് പിന്നാലെ പൊലീസ് നീങ്ങുന്നത്. വൈരാഗ്യം നിലനിന്നിരുന്ന അയല്‍വീട്ടിലെ യുവാവുമായുള്ള പ്രണയം പെണ്‍കുട്ടിയുടെ കുടംബത്തെ ചൊടിപ്പിച്ചെന്നാണ് പ്രതികള്‍ കത്തില്‍ ആരോപിച്ചത്
9 ജുഡീഷ്യറിക്ക് എതിരെ അസാധാരണ നടപടിയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. സുപ്രീംകോടതി മുതിര്‍ന്ന ജഡ്ജി എന്‍.വി. രമണയ്ക്കും ആന്ധ്രാ ഹൈക്കോടതിക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് ജഗന്‍ റെഡ്ഡി കത്തയച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഹൈക്കോടതി ശ്രമിക്കുക ആണെന്ന് കത്തില്‍ ആരോപിക്കുന്നു. കത്തിലെ ആരോപണളോട് ജഡ്ജിമാരാരും പ്രതികരിച്ചിട്ടില്ല. സുപ്രീംകോടതിയിലെ രണ്ടാമനും അടുത്ത ചീഫ് ജസ്റ്റിസുമാകേണ്ട ജസ്റ്റിസ് എന്‍.വി. രമണയ്‌ക്കെതിരെ ആണ് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പോര്‍മുഖം തുറന്നത്.
10 ചന്ദ്രബാബു നായിഡുവിന്റെ നേതൃത്യത്തിലുള്ള സര്‍ക്കാര്‍ നടത്തിയ അഴിമതികളിലെ അന്വേഷണങ്ങളില്‍ പരമോന്നത നീതി പീഠത്തിലെ ജഡ്ജിയും ഹൈക്കോടതി ജഡ്ജിമാരും അനാവശ്യമായി ഇടപെടുക ആണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് അയച്ച കത്തില്‍ ജഗന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ എല്ലാം കോടതി ഇടപെടുകയാണ്. സര്‍ക്കാരിനെ അട്ടമറിക്കാന്‍ ജുഡീഷ്യറി ശ്രമിക്കുന്നു. നായിഡുവിന്റെ കാലത്തെ അഴിമതി കേസുകള്‍ നിഷ്പക്ഷരല്ലാത്ത ജഡ്ജിമാരാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് രമണ ചന്ദ്രബാബു നായിഡുവിന്റെ അടുപ്പക്കാരന്‍ ആണെന്നും ജഗന്‍ ആരോപിച്ചു. ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് എട്ടു പേജുള്ള കത്തില്‍ മുഖ്യമന്ത്രി തെളിവും നിരത്തി. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ലെറ്റര്‍ ബോംബിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം ജുഡീഷറിക്ക് മേല്‍ അഴിമതിയുടെ കരിനിഴല്‍ വീഴുകയാണ്.