
വാഷിംഗ്ടൺ: 'ഞാൻ സുഖമായിരിക്കുന്നു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത്. എല്ലാവരും പുറത്തിറങ്ങി വോട്ട് ചെയ്യണം. ഐ ലവ് യൂ...' വൈറ്റ് ഹൗസിലെ സൗത്ത് ലോൺസിൽ തടിച്ചുകൂടിയ നൂറുകണക്കിന് അനുയായികളെ നോക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയ്ക്ക് ശേഷം ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്ത ട്രംപ്, ഉത്സാഹഭരിതനും ആരോഗ്യവാനുമായിരുന്നു. കഴിഞ്ഞ 10 ദിവസമായി തിരഞ്ഞെടുപ്പ് പ്രചാരണം നിറുത്തി വച്ചിരിക്കുകയായിരുന്നു.
വൈറ്റ് ഹൗസിലെ ബാൽക്കണിയിലെത്തിയ ട്രംപ് ജനങ്ങളോടു സംസാരിക്കുന്നതിനു മുമ്പ് മാസ്ക് അഴിച്ചു മാറ്രിയെന്നും തുടർന്ന് 20 മിനിട്ടോളം സംസാരിച്ചുവെന്നുമാണ് വാർത്താ ഏജൻസിയായ എ.എഫ്.പിയുടെ റിപ്പോർട്ട്. 'അപകടകാരിയായ ഈ ചൈനീസ് വൈറസിനെ നമ്മുടെ രാജ്യം പരാജയപ്പെടുത്തുമെന്ന് ഞാൻ നിങ്ങളോടു പറയുന്നു. ഇത് അപ്രത്യക്ഷമാകാൻ പോകുകയാണ്. ഇത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പുതിയ ചികിത്സാ രീതികൾ വികസിപ്പിക്കുകയും രോഗികൾ അത് ഉപയോഗിച്ച് സുഖം പ്രാപിക്കുകയും ചെയ്യുന്നുണ്ട്.' -ട്രംപ് പറഞ്ഞു. കൊവിഡ് വാക്സിൻ റെക്കാഡ് സമയത്തിനുള്ളിൽ പുറത്തിറക്കുമെന്നും ട്രംപ് ആവർത്തിച്ചു. തിരഞ്ഞെടുപ്പിന് നാലാഴ്ച മാത്രം ബാക്കി നിൽക്കേയായിരുന്നു പ്രചാരണത്തിന് തിരിച്ചടിയായി ട്രംപിനും പ്രഥമ വനിത മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപ് ചികിത്സയ്ക്കായി വാൾട്ടർ റീഡ് ആശുപത്രിയിലേയ്ക്ക് മാറിയതോടെ പ്രചാരണത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ മുന്നേറിയെന്നാണ് റിപ്പോർട്ടുകൾ. പ്രചാരണത്തിലുടനീളം മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ട ജോ ബൈഡൻ യു.എസ് സർക്കാർ കൊവിഡ് ബാധ നേരിടുന്നതിൽ പരാജയമാണെന്ന് ആരോപിച്ചു. പ്രചാരണത്തിനായി വലിയ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുന്ന ട്രംപിന്റെ നടപടിയെ അടക്കം ജോ ബൈഡൻ രൂക്ഷമായി വിമർശിക്കുന്നുണ്ട്.