
സാൻഡിയാഗോ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ അമേരിക്കൻ രാജ്യമായ ചിലിയിൽ. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും വീടിന് പുറത്തിറങ്ങാൻ പോലും ധൈര്യപ്പെടുന്നില്ല.
എന്നാൽ, കർഫ്യൂ ഒന്നും വകവയ്ക്കാതെ റോഡിലിറങ്ങി തേരാ പാര നടന്ന ഒരു ഭീകരനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ താരം. ചിലിയിലെ തീരദേശ ഗ്രാമമായ പൂർട്ടോ സിസിനെസിലെ റോഡിലൂടെ കർഫ്യൂ ലംഘിച്ച് വിഹരിച്ചത് ഒരു എലിഫന്റ് സീലാണ്. പിന്നീട്, ആശാൻ ആളുകളെ ഭയപ്പെടുത്താനും തുടങ്ങി. പ്രദേശത്തെ വീടുകളുടെ മുന്നിലുണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടു. രണ്ട് ടണ്ണോളം ഭാരം വരുന്ന സീലാണ് കഴിഞ്ഞ ദിവസം കടലിൽ നിന്ന് കരയിൽ കയറി നാട്ടുകാരെ വിരട്ടിയത്. സീലിനെ തിരികെ കടലിലേക്ക് അയ്ക്കാനുള്ള ശ്രമവുമായി രക്ഷാപ്രവർത്തകർ എത്തിയതോടെ സ്ഥലത്തെ കർഫ്യൂ താറുമാറായി. തീരത്ത് നിന്ന് എങ്ങനെയോ റോഡിൽ എത്തിയതാവും സീലെന്നാണ് സമുദ്ര ഗവേഷകർ പറയുന്നത്. സാധാരണ ഗതിയിൽ കോളനികളായി താമസിക്കുന്ന സീലുകൾ തീരം വീട്ട് കരയിലേക്ക് കയറാറില്ല. റോഡിലൂടെ ഏറെ ദൂരം മുന്നോട്ട് പോയ സീലിനെ ഒരുവിധത്തിലാണ് രക്ഷാപ്രവർത്തകർ തിരികെ കടലിലെത്തിച്ചത്. ടാർപോളിന്‍ ഉപയോഗിച്ചാണ് സീലിനെ പിടികൂടിയത്.