ipl-csk

ദുബായ് : ഒന്നല്ല ഒരുപാട് ദ്വാരങ്ങൾ വീണ കപ്പലായി തന്റെ ടീം മാറിയെന്ന് ചെന്നൈ സൂപ്പർകിംഗ്സ് ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി.കഴിഞ്ഞ രാത്രി ബാംഗ്ളൂരിനോട് 37റൺസിന് തോറ്റതിന് പിന്നാലെയാണ് ധോണി ടീമിന്റെ പോരായ്മകളെക്കുറിച്ച് മനസുതുറന്നത്. ദുബായ്‌യിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ളൂർ 169/4 എന്ന സ്കോർ ഉയർത്തിയപ്പോൾ ചെന്നൈയ്ക്ക് 132/8ലേ എത്താനായിരുന്നുള്ളൂ.ആറ് പന്തിൽ 10 റൺസാണ് ധോണി നേടിയത്. ഈ സീസണിലെ ഏഴ് മത്സരങ്ങളിൽ അഞ്ചാമത്തെ തോൽവിയാണ് ധോണിയും കൂട്ടരും ഏറ്റുവാങ്ങിയത്. ഐ.പി.എല്ലിൽ അപൂർവ്വമായാണ് ഇത്രയും മോശപ്പെട്ട രീതിയിൽ ചെന്നൈയ്ക്ക് തുടങ്ങേണ്ടിവരുന്നത്.

എല്ലാ മേഖലയിലും പോരായ്മകളുണ്ടെങ്കിലും ബാറ്റിംഗിലാണ് വലിയ നാണക്കേടെന്ന് ധോണി തുറന്നു സമ്മതിച്ചു.

ധോണിയുടെ വാക്കുകൾ ഇങ്ങനെ ...

ഒരുപാട് തുളകൾ വീണ വഞ്ചിപോലെയായി ഞങ്ങളുടെ ടീം. ഒരു ദ്വാരമടയ്ക്കുമ്പോൾ മറ്റൊന്നിലൂടെ വെള്ളം കയറുന്ന അവസ്ഥ. കൂട്ടായി കഠിനപ്രയത്നം നടത്തിയാലേ ഇതിൽ നിന്ന് രക്ഷപെടാനാകൂ.

ബാറ്റിംഗിലാണ് വലിയ പ്രതിസന്ധി. ബാറ്റ്സ്മാ്മാരുടെ സമീപനത്തിൽ മാറ്റം വരുത്തിയേ മതിയാകൂ.യാഥാർത്ഥ്യങ്ങളോട് മുഖം തിരിച്ചിട്ടുകാര്യമില്ല.ഓരോ കളിയിലും ബാറ്റ്സ്മാന്മാർ മാത്രമേ മാറുന്നുള്ളൂ, സമീപനമെല്ലാം ഒരേ രീതിയിലാണ്.

വലിയ ഷോട്ടുകൾ കളിച്ച് റൺറേറ്റ് ഉയർത്താൻ ശ്രമിക്കാതെ അവസാനഒാവർ വരെ വിക്കറ്റ് കാത്തുസൂക്ഷിക്കുന്നത്കൊണ്ട് ട്വന്റി-20യിൽ ഒരു ഗുണവുമില്ല. ഔട്ടാകുന്നെങ്കിൽ പോട്ടേയെന്ന് വെച്ച് റൺസെടുക്കാനാണ് ശ്രമിക്കേണ്ടത്.

കളിക്കാരാണ് മാറേണ്ടത്. എത്രൊക്കെ ആത്മവിശ്വാസം പകർന്നുകൊടുത്താലും ഗ്രൗണ്ടിൽ കളിക്കേണ്ടത് അവരാണ്. അതുണ്ടാകാത്തതാണ് ഈ തോൽവികൾക്ക് കാരണം.