
സാവോപോളോ: ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ലോകത്തിൽ അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങളുള്ള രാജ്യം ബ്രസീലാണ്. രോഗികളുടെ എണ്ണത്തിൽ യു.എസിനും ഇന്ത്യയ്ക്കും പിന്നാലെ മൂന്നാം സ്ഥാനത്താണ് ബ്രസീൽ. 50 ലക്ഷത്തിൽപരം ആളുകൾക്കാണ് ബ്രസീലിൽ കൊവിഡ് ബാധിച്ചത്.
സൗത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത് ബ്രസീലിലാണ്. രാജ്യത്ത് സാവോപോളോയിലാണ് രോഗം രൂക്ഷമായി ബാധിച്ചത്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിദഗ്ദ്ധ ഉപദേശങ്ങളെ അവഗണിച്ച പ്രസിഡന്റ് ജെയ്ർ ബൊൾസൊനാരോയുടെ നടപടികളാണ് രാജ്യത്തെ അപകടാവസ്ഥയിലാക്കിയതെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 1,50,198 പേരാണ് ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മാർച്ചിലായിരുന്നു ആദ്യ മരണം. ഇതുവരെ 50,82,637 രോഗികൾ.
കൊളംബിയയാണ് കൊവിഡ് രൂക്ഷമായി ബാധിച്ച മറ്റൊരു പ്രദേശം. 8,94,300 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. 27,495 പേർ മരിച്ചു.