
ന്യൂഡൽഹി: ഇന്ത്യൻ വംശജനും അഹമ്മദാബാദ് ഐ.ഐ.എമ്മിലെ പൂർവ വിദ്യാർത്ഥിയുമായ സാമ്പത്തിക ശാസ്ത്രജ്ഞൻ ശ്രീകാന്ത് എം ദത്തറിനെ ഹാർവാർഡ് ബിസിനസ് സ്കൂളിന്റെ പുതിയ ഡീൻ ആയി നിയമിച്ചു. ഹാർവാർഡ് ബിസിനസ് സ്കൂൾ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് നിയമന വിവരം പുറത്തുവിട്ടത്. 2021 ജനുവരി ഒന്ന് മുതലാണ് ചുമതല ഏറ്റെടുക്കുക.
നിലവിൽ ഹാർവാർഡ് ബിസിനസ് സ്കൂൾ യൂണിവേഴ്സിറ്റി അഫേഴ്സ് വിഭാഗത്തിന്റെ ചുമതലയും കൊൽക്കത്ത ഐ.ഐ.എം ഗവേണിംഗ് ബോഡി അംഗവുമാണ് ദത്തർ. ഏറെ ബഹുമാനത്തോടെയും വിനയാന്വിതനുമായാണ് ഡീൻ പദവി ഏറ്റെടുക്കുന്നതെന്ന് ദത്തർ പ്രതികരിച്ചു.
ഇന്ത്യൻ വംശജനായ നിതിൻ നോഹ്റിയ ആണ് നിലവിലെ ഡീൻ. അഹമ്മദാബാദ് ഐ.ഐ.എം പഠനം പൂർത്തിയാക്കിയ ദത്തർ 112 വർഷം പഴക്കമുള്ള ബിസിനസ് സ്കൂളിന്റെ ഡീൻ ആകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ്.1996ൽ ഹാർവാർഡ് ബിസിനസ് സ്കൂൾ ഫാക്കൽട്ടി അംഗമായ ചേർന്ന ദത്തർ, ഫാക്കൽട്ടി റിക്രൂട്ടിംഗ്, ഫാക്കൽറ്റി ഡെവലപ്മെന്റ്, എക്സിക്യൂട്ടീവ് എഡ്യുക്കേഷൻ, റിസർച്ച് അടക്കം നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.