
തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ ഭാഗമായി തിരുവല്ലത്ത് നിർമ്മിക്കുന്ന താൽക്കാലിക ടോൾ പ്ലാസയുടെ ടെൻഡർ ഏറ്റെടുക്കാൻ ഒരു കമ്പനിയും തയ്യാറാകാതിരുന്നതോടെ ദേശീയപാത അതോറിട്ടി വിഷമവൃത്തത്തിൽ. തിരുവല്ലം പാലത്തിൽ നിന്ന് 300 മീറ്റർ അകലെ വേങ്കറയിലാണ് സ്ഥിരം ടോൾ പ്ലാസ നിർമ്മിക്കുന്നത്. ഇതിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനൊപ്പം തിരുവല്ലം പാലത്തിന് ഒരു കിലോമീറ്റർ അകലെ താൽക്കാലിക ടോൾ പ്ളാസ നിർമ്മിച്ച് പിരിവ് തുടങ്ങാൻ ദേശീയപാത അതോറിട്ടി തീരുമാനിച്ചിരുന്നു. ഇതിനായി രണ്ട് തവണ ടെൻഡറും ക്ഷണിച്ചു. എന്നാൽ, ടെൻഡർ ഏറ്റെടുക്കാൻ ഒരു കരാറുകാരൻ പോലും സന്നദ്ധത പ്രകടിപ്പിച്ചില്ല.
വരുമാന നഷ്ടമെന്ന് കരാറുകാർ
ടെൻഡർ ഏറ്റെടുക്കാൻ ആരും തന്നെ എത്താത്തതിന് കാരണം വരുമാന നഷ്ടമാണെന്നാണ് ദേശീയപാത അതോറിട്ടിയുടെ വിലയിരുത്തൽ. തിരുവല്ലം നഗരപരിധിയിൽ സ്ഥിതി ചെയ്യുന്നതിനാൽ കോവളത്തു നിന്ന് നഗരത്തിലേക്ക് വരുന്ന ദൈനംദിന യാത്രക്കാർ ടോൾ നൽകുന്നതിൽ നിന്ന് ഒഴിവാകുന്നതിന് വെള്ളാർ ജംഗ്ഷനിൽ നിന്ന് മറ്റ് വഴികളിലൂടെ നഗരത്തിലേക്ക് പ്രവേശിക്കും. ഇത് വരുമാനത്തിൽ വൻ നഷ്ടമുണ്ടാക്കുമെന്നാണ് കരാറുകാർ പറയുന്നത്. ഇത് മറികടക്കാൻ ദേശീയപാത അതോറിട്ടി നൽകുന്ന ഡിസ്‌കൗണ്ട് കൂപ്പണുകൾ വാങ്ങി ടോൾ പ്ലാസ വഴി യാത്ര ചെയ്യാൻ സംവിധാനമൊരുക്കാമെന്ന് പറഞ്ഞെങ്കിലും കരാറുകാർക്ക് ഇത് സ്വീകാര്യമായില്ല. ചില കരാറുകാർ അനൗദ്യോഗികമായി തങ്ങളുടെ ബുദ്ധിമുട്ട് ദേശീയപാത അതോറിട്ടി അധികൃതരെ അറിയിക്കുകയും ചെയ്തു.
ദേശീയപാത 66ൽ കഴക്കൂട്ടം -മുക്കോല റോഡിന്റെ പണി പൂർത്തിയായിക്കഴിഞ്ഞു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി ഇന്ന് നിർവഹിക്കുകയാണ്. 26.5 കിലോമീറ്ററാണ് റോഡിന്റെ നീളം.
ടോൾ പ്ളാസ
 തിരുവല്ലം പാലത്തിന് 300 മീറ്റർ അകലെ
 ഇരുവശത്തേക്കും പോകുന്ന വാഹനങ്ങൾക്ക് വ്യത്യസ്ത സ്ഥലങ്ങളിലായിരിക്കും ടോൾ
 മൂന്ന് മാസത്തിനകം നിർമ്മാണം പൂർത്തിയാകും
 രണ്ട് മാസത്തിനുള്ളിൽ ടോൾ പിരിവ് തുടങ്ങും
 വിവിധതരം വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് നിശ്ചയിക്കാനുള്ള നടപടികൾ ദേശീയപാത അതോറിട്ടി തുടങ്ങി
 ടോൾ പ്ളാസ പ്രവർത്തിപ്പിക്കുക കരാറുകാർ. ഉടൻ ടെൻഡർ വിളിക്കും
 നേരത്തെ ടോൾ പ്ളാസ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത് ആക്കുളത്ത്