
തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റിന് സ്വപ്ന സുരേഷ് നൽകിയ മൊഴി പുറത്തുവന്നതോടെ സ്വർണക്കടത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ബി ജെ പി മൂന്ന് മാസംമുമ്പ് ആരോപിച്ചതെല്ലാം ഇപ്പോൾ അന്വേഷണ ഏജൻസിക്ക് വ്യക്തമായിക്കഴിഞ്ഞെന്നും അന്ന് മുഖ്യമന്ത്രി തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയത് എന്തിനാണെന്ന് എല്ലാവർക്കും മനസിലായെന്നും സുരേന്ദ്രൻ പറഞ്ഞു.
എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹത്തിന്റെ ഓഫീസിന് രാജ്യദ്രോഹക്കേസിൽ പങ്കുണ്ടെന്നും വ്യക്തമായിരിക്കുകയാണ്. ധാർമ്മികത അല്പമെങ്കിലും ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം. സർക്കാരിനെതിരായ സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവച്ചൊഴിയും വരെ പ്രതിഷേധങ്ങൾ തുടരുമെന്നും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സി പി എം കേന്ദ്രകമ്മിറ്റി മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വസതിയിൽ യു എ ഇ കോൺസൽ ജനറലും മുഖ്യമന്ത്രിയും സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്നതടക്കം എൻഫോഴ്സിന് സ്വപ്ന നൽകിയ മൊഴി ഇന്ന് രാവിലെയാണ് പുറത്തുവന്നത്. യു എ ഇ കോൺസുലേറ്റും സർക്കാരും തമ്മിലുളള കാര്യങ്ങൾനോക്കുന്നതിന് ശിവശങ്കറിനായിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതൽ എല്ലാ കാര്യങ്ങൾക്കും ശിവശങ്കർ തന്നെ വിളിച്ചിരുന്നു. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി താനും ശിവശങ്കറെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു.ഈ വിളികളിലൂടെയാണ് തങ്ങൾ തമ്മിലുളള ബന്ധം വളർന്നത്.ശിവശങ്കറിനെ അടുത്തറിയാമായിരുന്നു. എന്നും സ്വപ്ന മൊഴിയിൽ പറയുന്നു. കോൺസുൽ ജനറലിന്റെ സെക്രട്ടറി ആയതു മുതൽ മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നെന്നും സ്‌പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയിൽ വ്യക്തമാക്കുന്നു.