
ധാക്ക: സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ കുറ്റവാളികൾക്ക്  പരമാവധി ശിക്ഷയായ വധശിക്ഷ നൽകും വിധം നിലവിലെ നിയമം പരിഷ്കരിക്കാനൊരുങ്ങി ബംഗ്ളാദേശ്. നിലവിൽ ഇത്തരം കേസുകളിൽ പരമാവധി ശിക്ഷ ജീവപര്യന്തമാണ്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ ആൾക്കൂട്ടം ശാരീരികമായി ഉപദ്രവിക്കുന്നതിന്റെയും പീഡിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് നിയമം പരിഷ്കരിക്കാൻ തീരുമാനിച്ചതെന്ന് നിയമമന്ത്രി അനിസുൾ ഹഖ് പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തി പൊളിച്ചെഴുതിയ നിയമം വരുന്ന തിങ്കളാഴ്ച പാർലമെന്റിൽ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.