കീവ്: കഴിഞ്ഞ ദിവസം നടന്ന യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിന്റെ ടോഎ ഡിവിഷൻ ഗ്രൂപ്പ് നാല് മത്സരത്തിൽ ജർമ്മനിക്കും സ്പെയ്നിനും വിജയം. ജർമ്മനി ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഉക്രൈനിനെ കീഴടക്കിയപ്പോൾ സ്പെയ്ൻ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്സർലാൻഡിനെ മറികടന്നു.
കീവിൽ നടന്ന മത്സരത്തിൽ 20-ാം മിനിട്ടിൽ ഗിന്റെറും 49-ാം മിനിട്ടിൽ ഗൊയേസ്കർയുമാണ് ജർമ്മനിക്ക് വേണ്ടി സ്കോർ ചെയ്തത്.77-ാം മിനിട്ടിൽ മാലിനോവ്സ്കി പെനാൽറ്റിയിലൂടെ ഉക്രൈന്റെ ആശ്വാസഗോൾ നേടി. കഴിഞ്ഞ ദിവസം നടന്ന സൗഹൃദമത്സരത്തിൽ തുർക്കിയോട് 3-ന് സമനിലയിൽ പിരിയേണ്ടിവന്നതിന്റെ ക്ഷീണമകറ്റാൻ ഈ വിജയം ജർമ്മനിക്ക് സഹായകമായി.
14-ാം മിനിട്ടിൽ ഓയെർസഥാൾ നേടിയഗോളിനാണ് സ്പെയ്ൻ സ്വിറ്റ്സർലാൻഡിനെ കീഴടക്കിയത്. നാലാം ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴുപോയിന്റുമായി സ്പെയ്ൻ ഒന്നാമതും അഞ്ചുപോയിന്റുമായി ജർമ്മനി രണ്ടാമതുമാണ്.