missile-attack

ബാക്കു: വെടി നിറുത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയും മുമ്പെ, അസർബൈജാനിലെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ച സിറ്റിയിൽ ആൾത്താമസമുള്ള മേഖലയിൽ മിസൈൽ ആക്രമണം. ഏഴു പേർ മരിച്ചതായാണ് വിവരം. 33ഓളം പേർക്ക് പരിക്കേറ്റു. മേഖലയിലെ പാർപ്പിട സമുച്ചയം പൂർണമായും തകർന്നു.

തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർക്ക് വേണ്ടി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.

അർമേനിയയിൽ നിന്നുള്ള റോക്കറ്റാണ് പതിച്ചതെന്ന് അസർബൈജാൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
നഗാർണോ-കരോബാഗ്​ ​പ്രദേശത്തെ ചൊല്ലി രണ്ടാഴ്​ചയോളമായി നടന്ന അർമേനിയ- അസർബൈജാൻ പോരാട്ടത്തിന് റഷ്യയുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ശനിയാഴ്ചയാണ് വെടിനിറുത്തൽ പ്രഖ്യാപിച്ചത്.

മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ ഇരുരാജ്യങ്ങളും തമ്മിൽ രണ്ടാഴ്ച പിന്നിട്ട രൂക്ഷമായ ഏറ്റുമുട്ടലിനു വിരാമമിടാൻ റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. മോസ്കോയിൽ അസർബൈജാന്റെയും അർമേനിയയുടെയും വിദേശകാര്യമന്ത്രിമാർ പങ്കെടുത്ത ചർച്ച 10 മണിക്കൂർ നീണ്ടു. പ്രാബല്യത്തിൽ വന്നതിനു തൊട്ടുപിന്നാലെ വെടിനിറുത്തൽ ലംഘിച്ചതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചു.

സെപ്തംബർ 27ന് ആരംഭിച്ച സംഘർഷത്തിൽ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. അസർബൈജാന്റെ ഉള്ളിലാണ് നഗാർണോ - കാരോബാഗെങ്കിലും അർമേനിയൻ വംശജർക്ക് ഭൂരിപക്ഷമുള്ള മേഖല 1994ൽ വിഘടിച്ചു പോയ അർമേനിയയുടെ പിന്തുണയുള്ള പ്രാദേശിക ഭരണത്തിനു കീഴിലാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാരെ പലവട്ടം നേരിട്ടു വിളിച്ചാണ് സമാധാന ചർച്ചയ്ക്കു കളമൊരുക്കിയത്.

നഗാർണോ - കരോബാഗിലെ സിവിലിയൻ കേന്ദ്രങ്ങളിൽ അസർബൈജാൻ സൈന്യം മിസൈൽ-ഷെൽ ആ​ക്രമണങ്ങൾ നടത്തിയതായി കഴിഞ്ഞ ദിവസം അർമേനിയ ആരോപിച്ചിരുന്നു.