farooq-abdullah

ന്യൂഡൽഹി: ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനീസ് ആക്രമണത്തിന് കാരണം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണെന്ന് ജമ്മു-കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ചൈന ഒരിക്കലും അംഗീകരിച്ചില്ലെന്നും ചൈനയുടെ പിന്തുണയോടെ ഇത് പുനസ്ഥാപിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായും ഫറൂക്ക് അബ്ദുള്ള പറഞ്ഞു


ലഡാക്കിലെ എല്‍.എ.സിയില്‍ ചൈന ചെയ്യുന്നതൊക്കെയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അംഗീകരിക്കാത്തതിനാലാണ്.അവരുടെ പിന്തുണയോടെ ആര്‍ട്ടിക്കിള്‍ 370 ജമ്മു കാശ്മീരില്‍ പുനസ്ഥാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ''ഫറൂക്ക് അബ്ദുള്ള പറഞ്ഞു. ഞാന്‍ ഒരിക്കലും ചൈനീസ് പ്രസിഡന്റിനെ ക്ഷണിച്ചിട്ടില്ല, മോദിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. പാര്‍ലമെന്റില്‍ ജമ്മു കാശ്മീരിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോലും അനുവദിച്ചിട്ടില്ലെന്നും ഫറൂക്ക് അബ്ദുള്ള പറഞ്ഞു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. 1954 മുതല്‍ സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യേക പദവി ഒഴിവാക്കുമെന്ന് ബി.ജെ.പി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. ജമ്മു കാശ്മീര്‍ ജനതയ്ക്ക് പ്രത്യേക അവകാശങ്ങള്‍ നിഷ്‌കര്‍ഷിച്ചാണ് ആര്‍ട്ടിക്കിള്‍ 370 തയ്യാറാക്കിയത്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ കാശ്മീര്‍ ജനതയ്ക്കും ലഭിച്ചിരുന്നു. സംസ്ഥാനത്തിന് സ്വന്തമായി പതാകയും ഭരണഘടനയും നിലവിലുണ്ടായിരുന്നു.