akkulam

തിരുവനന്തപുരം: മാലിന്യം നീക്കി ആക്കുളം കായൽ നവീകരിക്കുമ്പോൾ പ്രഥമ പരിഗണന നൽകുന്നത് ജലത്തിന്റെ ഗുണമേന്മയ്ക്ക്. വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനായി 1100 പോയിന്റുകളിലായി 24 ജലഗുണമേന്മ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് പ്രോജക്ടിൽ ശുപാർശ ചെയ്തിരിക്കുന്നത്. ആക്കുളം കായൽ,​ വേളി കായൽ,​ മെഡിക്കൽ കോളേജ്,​ ആമയിഴഞ്ചാൻ,​ ഉള്ളൂർ,​ പട്ടം,​ പഴവങ്ങാടി കനാൽ,​ തെറ്റിയാർ,​ പാർവതി പുത്തനാർ എന്നിവിടങ്ങളിലാണ് ഗുണമേന്മ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുക.

ലക്ഷ്യം കുടിവെള്ളം ഉറപ്പാക്കൽ

നഗരത്തിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ആക്കുളത്ത് നിന്ന് എത്തിക്കാനാകുമോയെന്നത് കൂടി ലക്ഷ്യമിട്ടാണ് ജലത്തിന്റെ ഗുണമേന്മാ പരിശോധന കേന്ദ്രങ്ങൾ എന്ന ആശയത്തിന് പിന്നിൽ. ആരോഗ്യം,​ വ്യാവസായിക ഉപയോഗം,​ കൃഷി,​ ജലസേചനം എന്നിവയ്ക്കും ആക്കുളം കായലിലെ വെള്ളം ഉപയോഗിക്കാനായാൽ അത് വലിയൊരു നേട്ടമായിരിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജലത്തിലെ ബാക്ടീരിയകളുടെ സാന്നിദ്ധ്യം,​ രാസവസ്തുക്കളുടെ അളവ്,​ താപനില തുടങ്ങിയവ അടക്കം വിശദമായി ഈ കേന്ദ്രങ്ങളിൽ പരിശോധിക്കും.

സാമ്പിളുകൾ ശേഖരിക്കും
ജലപരിശോധനയ്ക്കായി ഉള്ളൂർ തോട്,​ പഴവങ്ങാടി തോട്,​ പട്ടം തോട്,​ മെഡിക്കൽ കോളേജ് തോട്,​ കണ്ണമ്മൂല തോട്,​ തെറ്റിയാർ, ആക്കുളം കായൽ എന്നിവയിൽ നിന്നെല്ലാം സാമ്പിളുകൾ ശേഖരിക്കും. ജലത്തിലെ ഓക്സിജന്റെ പി.എച്ച് മൂല്യം,​ തെളിച്ചം, വാഹകശക്തി എന്നിവയും പരിശോധിക്കും.

ആക്കുളം കായലിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ജലത്തിലെ ഓക്സിജന്റെ അളവ് (ഡി.ഒ)​ ആവശ്യമായതിലും വളരെ കുറവാണെന്ന് കണ്ടെത്തിയിരുന്നു. അതിനർത്ഥം കായൽ മലിനമായിരിക്കുന്നു എന്നാണ്. ജലത്തിലെ ജൈവ ഓക്സിജന്റെ മൂല്യം വളരെ ഉയർന്നതാണെന്നും ഇത് ഒരു ലിറ്ററിന് 10 മില്ലിഗ്രാം എന്ന തോതിലേക്ക് കൊണ്ടുവരണമെന്നും കായൽ നവീകരണ പദ്ധതി തയ്യാറാക്കിയ വകുപ്പുകൾ ശുപാർശ ചെയ്തിട്ടുണ്ട്.

പഴവങ്ങാടി തോടിന്റെ സ്ഥിതിയാണ് ഏറ്റവും ദയനീയം. ഇവിടെ ബി.ഒ.ഡി മൂല്യം വളരെ ഉയർന്നതും ഓക്സിജന്റെ അളവ് കുറവാണെന്നും കണ്ടെത്തി. ഒബ്സർവേറ്ററി ഹില്ലിൽ നിന്ന് ആരംഭിക്കുന്ന പഴവങ്ങാടി തോട് അരിസ്റ്റോ ജംഗ്ഷൻ,​ തമ്പാനൂർ,​ വ‍ഞ്ചിയൂർ,​ പാറ്റൂർ പ്രദേശങ്ങളിലൂടെ ഒഴുകിയാണ് പാറ്റൂരിലെ ആമയിഴഞ്ചാൻ തോടിൽ ചേരുന്നത്. ഈ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നതായി സ്ഥലത്ത് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.