
തിരുവനന്തപുരം: ഭൂമിയിടപാട് വിഷയത്തിൽ പി.ടി തോമസ് എം.എൽ.എയ്ക്കെതിരെ ആക്രമണം കടുപ്പിച്ച് സി.പി.എം. ഇടപ്പളളിയിൽ കുടികിടപ്പുകാരായ കുടുംബത്തിന്റെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് അനധികൃതമായി കൈമാറിയ അമ്പത് ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടികൂടിയ സംഭവത്തിൽ പി.ടി തോമസിനെ നിയമപരമായും രാഷ്ട്രീയമായും ആക്രമിക്കാനാണ് സി.പി.എം നീക്കം. ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ഇടയിൽ പി.ടി തോമസ് ഫ്ളാഷിനോട് സംസാരിക്കുന്നു...
സി.പി.എം വൈരാഗ്യത്തിന് പിന്നിൽ
സ്‌പ്രിൻക്ലർ ഇടപാട് മുതൽ തുടങ്ങിയതാണ് സി.പി.എമ്മിന് എന്നോടുളള വൈരാഗ്യം. ഇതിൽ പ്രധാന കാരണം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എതിരെ ഞാൻ ഉന്നയിച്ച ആരോപണങ്ങളാണ്. വാർത്താസമ്മേളനം നടത്തി പറഞ്ഞിട്ടും നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ എഴുതി കൊടുത്തിട്ടും മുഖ്യമന്ത്രി മകളെ സംബന്ധിച്ച ആരോപണങ്ങൾക്ക് മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെ ഞാൻ വെറുതെ ആരോപണം ഉന്നയിക്കുന്നുവെന്നാണ് സി.പി.എമ്മുകാർ കരുതുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യയെപ്പറ്റിയോ മകനെപ്പറ്റിയോ ഒന്നും ഞാൻ പറഞ്ഞിട്ടില്ല. ഭരണസ്വാധീനം ഉപയോഗിച്ച് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ മകൾ ശ്രമിക്കുന്നുവെന്ന വിവരം കിട്ടിയപ്പോൾ ആ നടപടിയെ ആണ് ഞാൻ വിമർശിച്ചത്. വീണ വിജയന്റെ കമ്പനിയെപ്പറ്റി ഞാൻ നിയമസഭയ്‌ക്കകത്തും പുറത്തും പറഞ്ഞിട്ടും ഒരു വാക്ക് ഇതിനെപ്പറ്റി ഇന്നുവരെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. മുഖ്യമന്ത്രിയുടെ മകളെപ്പറ്റി എനിക്കൊന്നും അറിയില്ല. എന്നാൽ, അവർ മുഖ്യമന്ത്രിയുടെ നിഴലിൽ കാരൃങ്ങൾ നടത്തുന്നുവെന്ന് കണ്ടപ്പോഴാണ് ഞാൻ ഇതിനെതിരെ ഇറങ്ങിതിരിച്ചത്. ഒരു കുഴപ്പവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ എനിക്ക് വിശ്വാസമാണ്.
അവർ പ്ലാൻ ചെയ്‌തത് ഇങ്ങനെ
ഭൂമിയിടപാട് വിഷയത്തിലെ റെയ്‌ഡ് ഉൾപ്പടെയുളള കാര്യങ്ങൾ എന്നെ കുടുക്കാൻ വേണ്ടി സി.പി.എം ആസൂത്രണം ചെയ്‌തതാണ്. ഇത് ഞാൻ തലയിൽ മുണ്ടിട്ട് രാത്രിയിൽ ഒറ്റയ്‌ക്ക് പോയി നടത്തിയ ചർച്ചയല്ല. പകൽ വെളിച്ചത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് ചർച്ചകൾ നടന്നത്. പതിനഞ്ചോളം പേർ ആ ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇത്ര രൂപ കൊടുക്കണമെന്നൊന്നും ഞാൻ ഈ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നില്ല. രണ്ട് കൂട്ടരും കൂടി 80 ലക്ഷം രൂപ സമ്മതിച്ച് കരാർ നടപ്പാക്കുന്നതിന്റെ മദ്ധ്യസ്ഥനായിട്ടാണ് ഞാൻ നിന്നത്. ഒരു കോടി മൂന്ന് ലക്ഷം പറഞ്ഞത് ഞാൻ ഇടപെട്ട് കുറച്ചുവെന്നൊക്കെ പറയുന്നത് പച്ചക്കളളമാണ്. അക്കാര്യം ഇവിടത്തെ സി.പി.എം ഏരിയ സെക്രട്ടറിയോട് ചോദിച്ചാൽ അറിയാം. അവിഹിത വേഴ്ച്ചയ്ക്ക് പോകുന്നവരെ അത്തരം സ്ഥലങ്ങളിൽ വച്ച് പിടികൂടി പത്രത്തിൽ പടം വരുത്തുന്നത് പോലെ എന്നെ പിടിച്ച് പൊതുജനമദ്ധ്യത്തിൽ നിർത്താനാണ് ഇവർ പ്ലാൻ ചെയ്‌തത്. അത് ദയനീയമായി പരാജയപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന് ഞാൻ ഇടപെട്ട് നീതി ഉറപ്പാക്കുമ്പോൾ എനിക്ക് ഖ്യാതിയുണ്ടാകുമെന്നതും അവർക്ക് അപഖ്യാതിയുണ്ടാകുമെന്നതുമായിരുന്നു സി.പി.എമ്മിന്റെ പ്രധാന പ്രശ്‌നം.
ആ പണം മോഹിച്ചവർ
ഇൻകംടാക്‌സുകാരെ വിവരം അറിയിച്ചാൽ പിടിക്കപ്പെടുന്ന പണത്തിന്റെ മൂന്നിലൊന്ന് കിട്ടും. അതിന് നികുതി പോലും കൊടുക്കേണ്ട. ലോകത്ത് ഒരാൾ പോലും ആർക്കാണ് ഈ പണം കിട്ടിയതെന്ന് അറിയില്ല. വിവരാവകാശ രേഖയിൽ പോലും ഇത് വെളിപ്പെടുത്തേണ്ടതില്ല. എറണാകുളത്തെ സി.പി.എം നേതാക്കളുടെ പ്രധാന പണി ഭൂമാഫിയ ഇടപാടുകളാണ്. ഇത് പണ്ട് എം.എം ലോറൻസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്‌നം തീർന്നാൽ സി.പി.എമ്മുകാർക്ക് കുഴപ്പമാകും. എന്നാൽ ഇൻകംടാക്‌സിൽ നിന്ന് കിട്ടുന്ന കമ്മിഷൻ മേടിച്ചുകളയാമെന്ന് അവർ കരുതി.
നിലപാടുകളിൽ ഉറച്ച് നിൽക്കും
എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ഉന്നയിക്കും. മാധവ് ഗാഡ്‌ഗിൽ വിഷയത്തിൽ ആ റിപ്പോർട്ട് ശരിയാണെന്ന് അന്നും ഇന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ജീവിച്ചിരിക്കെ എന്റെ ശവഘോഷയാത്ര പോലും ഇവിടെ നടത്തിയിട്ടുണ്ട്. അതിൽ നിന്ന് ഞാൻ പിന്തിരിഞ്ഞില്ല. അതുപോലെ ഇനിയും മുന്നിൽ വരുന്നവർ ഏത് പാർട്ടിയാണെന്ന് നോക്കാതെ ഞാനെടുക്കുന്ന നിലപാടുകളിൽ ഉറച്ച് നിൽക്കാൻ തന്നെയാണ് എന്റെ തീരുമാനം.
ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവരും
ഐ ഫോൺ വിവാദം വലിയ കാര്യമാക്കേണ്ടയെന്ന് സി.പി.എം പറഞ്ഞതിന് പിന്നിൽ വലിയൊരു ഗൂഢാലോചനയുണ്ട്. അതിൽ ആറ് ഐ ഫോണുകൾ എവിടെയാണ് ഇരിക്കുന്നതെന്ന് അന്വേഷിക്കാൻ ഒരു ഉത്തരവിട്ടാൽ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവരും. എന്റെ കൈയിൽ തെളിവ് ഇല്ലാത്തതിനാൽ ആ ഫോണുകൾ ആരുടെ കൈകളിലാണ് ഇരിക്കുന്നതെന്ന് ഞാൻ പറയുന്നില്ല. സൈബർ സെല്ലിന് അഞ്ച് മിനിറ്റ് കൊണ്ട് കണ്ടുപിടിക്കാവുന്ന സംഭവമാണിത്. സ്വപ്‌നയുടെ കോൾ റെക്കോഡുകൾ പബ്ലിഷ് ചെയ്‌താലും മതി. അത് പബ്ലിഷ് ചെയ്‌താൽ പാതിരായ്‌ക്ക് സൂര്യൻ ഉദിച്ചാൽ ആരെല്ലാം എവിടെയായിരുന്നുവെന്ന് കണ്ടുപിടിക്കാം. അത് സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്കും സി.പി.എം നേതാക്കൾക്കുമെതിരെ ചെന്ന് നിൽക്കും. ചിലപ്പോൾ അത് ബി.ജെ.പിയിലേക്കും പോയെന്ന് വരും.
ക്ലിഫ്ഹൗസിലെ ഇടിവെട്ട്
മുഖ്യമന്ത്രി നിരന്തരം കളളം പറയുകയാണ്. ക്ലിഫ് ഹൗസിലും ഇടിവെട്ടിയെന്നുളളത് മുഖ്യമന്ത്രി മുൻകൂട്ടി മനപൂർവ്വം പറഞ്ഞതാണ്. ക്ലിഫ് ഹൗസിൽ സ്വപ്‌ന ചെന്നതിന്റെ രേഖകൾ നശിപ്പിച്ച് കളയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബോധപൂർവ്വം അത്തരമൊരു പരാമർശം നടത്തിയത്. സ്വപ്‌ന ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെന്നാണ് ഇപ്പോൾ മൊഴി പുറത്തുവരുന്നത്. അതുകൊണ്ടാണ് നേരത്തെ ഇടിവെട്ടിയത്. നമ്മളൊക്കെ കേട്ടിട്ടുളള ഇടിവെട്ട് പ്രകൃതിദത്തമാണ്. എന്നാൽ ക്ലിഫ് ഹൗസിലെ ഇടിവെട്ട് മനുഷ്യനിർമ്മിതമാണ്.
ഇ.എം.എസ് മുതൽ പിണറായി വരെ
കേരളത്തിൽ നെല്ല് സംഭരണം വർഷങ്ങളായി നടക്കുന്ന ഒരു കാര്യമാണ്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനികൾക്ക് ഈ സർക്കാർ നെല്ല് സംഭരണത്തിനുളള തുക കൂട്ടി കൊടുത്തു. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കൃഷി വകുപ്പ് മന്ത്രിയോ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയോ ഒന്നും ഈ മീറ്റിംഗിൽ പങ്കെടുത്തിട്ടില്ല. 75 കോടിയുടെ ക്രമക്കേടാണ് അവിടെ നടന്നത്. അതിന്റെ തുടർച്ചയാണ് റൂൾസ് ഒഫ് ബിസിനസിൽ ഭേദഗതി വരുത്തി മുഖ്യമന്ത്രി സർവ്വാധികാരിയാകാൻ ശ്രമിക്കുന്നത്. രാജാവ് നഗ്നനാണെന്ന് പറയാൻ സി.പി.എമ്മിൽ ആരും തയ്യാറല്ല. ഇ.എം.എസ് മുതൽ അച്യുതാനന്ദൻ വരെയുളള എല്ലാ മുഖ്യമന്ത്രിമാരും പാർട്ടിയ്‌ക്ക് വിധേയരായിരുന്നു. എന്നാൽ പിണറായി അങ്ങനെയല്ല. ഒറ്റയ്‌ക്കാണ് കരാറുണ്ടാക്കിയത് എന്ന് ധിക്കാരത്തോടെ പറഞ്ഞ ശിവശങ്കറിനെ പോലൊരാളെ മാനാഭിമാനമുളള ഒരു മന്ത്രി ആ കസേരയിൽ ഇരുത്തില്ലായിരുന്നു.
പാർട്ടി പറഞ്ഞാൽ രാജി
രാജിവച്ച് വിജിലൻസ് അന്വേഷണം നേരിടണമെന്നാണ് സി.പി.എം പറയുന്നത്. എം.എൽ.എ സ്ഥാനം എനിക്ക് സി.പി.എം തന്ന പോസ്റ്റല്ല. എനിക്കെതിരെ നല്ല സ്ഥാനാർത്ഥിയെയാണ് അവർ നിർത്തിയത്. വളരെ മാന്യനും ജനസമ്മതിയുമുളള സെബാസ്റ്റ്യൻ പോളിനെതിരെ പതിനായിരത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തൃക്കാക്കരയിലെ ജനങ്ങൾ എന്നെ വിജയിപ്പിച്ചത്. സി.പി.എം പറയുമ്പോൾ ഈ സീറ്റ് രാജിവയ്‌ക്കാൻ എന്നെ കിട്ടില്ല. എന്നാൽ, ഈ അഭിമുഖം നടക്കുന്നതിനിടെ കോൺഗ്രസ് പാർട്ടി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാൽ രാജിവയ്‌ക്കാൻ ഞാൻ തയ്യാറാണ്.
കോടതിയിൽ സത്യം പറഞ്ഞു
നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ മൊഴി കൊടുക്കുന്നതിന് മുന്നോടിയായി വലിയ രീതിയിലുളള സമ്മർദ്ദങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. അതൊന്നും വകവയ്‌ക്കാതെ മൂന്ന് ദിവസം കോടതിയിൽ പോയി ഞാൻ മൊഴി നൽകി. എനിക്ക് ഉത്തമബോദ്ധ്യമുളള കാര്യങ്ങളെല്ലാം ഞാൻ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് നടക്കുന്നതിനാൽ തന്നെ കൂടുതൽ കാര്യങ്ങളൊന്നും ഞാൻ പറയുന്നില്ല.