
ന്യൂഡല്‍ഹി: ശൈത്യകാലത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍. 'ശ്വാസകോശത്തെ ബാധിക്കുന്ന വൈറസാണ് സാര്‍സ് കോവ് 2. തണുത്ത അന്തരീക്ഷത്തില്‍ ഇത്തരം വൈറസുകളുടെ വ്യാപനം വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തല്‍. തണുത്ത കാലാവസ്ഥയിലും ഈര്‍പ്പം കുറഞ്ഞ കാലാവസ്ഥയിലും വൈറസ് വലിയ രീതിയില്‍ പെരുകും. കൂടാതെ ഇന്ത്യന്‍ സാഹചര്യത്തില്‍ ശൈത്യകാലത്ത് ആളുകള്‍ വീടുകളില്‍ കൂടിച്ചേരുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കും.' മന്ത്രി പറഞ്ഞു.
ശൈത്യകാലത്തിന്റെ വരവോടെ യു.കെയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചത് ഹര്‍ഷ് വര്‍ദ്ധന്‍ ചൂണ്ടിക്കാട്ടി. ശൈത്യകാലത്തിന്റെ വരവ് മുന്‍കൂട്ടി കണ്ട് മുന്‍കരുതല്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യുക, ഭയപ്പേടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
2021 ജനുവരി/ഫെബ്രുവരി മാസങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണെന്ന് യു.കെയിലെ അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സ് വ്യക്തമാക്കുന്നു. രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാമെന്നും മരണ സംഖ്യ ഉയരാനുള്ള സാദ്ധ്യത ഉണ്ടെന്നും പഠനത്തില്‍ പറയുന്നു. ശൈത്യകാലത്ത് ഡല്‍ഹിയില്‍ പ്രതിദിനം 15,000 രോഗികള്‍ ഉണ്ടാകുമെന്ന്
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.