
ന്യൂഡല്‍ഹി: ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിൽ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും അവ പാലിക്കുന്നതില്‍ വീഴ്ചസംഭവിക്കുന്നത് കൊവിഡ് കേസുകളിൽ വലിയ വര്‍ദ്ധനയുണ്ടാക്കുന്നത് ആശങ്കയുയര്‍ത്തുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ..ഹർഷവർദ്ധൻ. പ്രതിവാര പരിപാടിയായ സണ്‍ഡേ സംവാദിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഉത്സവ-ആഘോഷാങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതും കൂടുതല്‍ ഇടപഴകുന്നതും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുന്നു. കേരളത്തില്‍ ഓണാഘോഷത്തിന് ശേഷം രോഗവ്യാപനം രൂക്ഷമായതും കേന്ദ്രമന്ത്രിചൂണ്ടിക്കാട്ടി.. എസ്.ബി.ഐ റിസര്‍ച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.
നിയന്ത്രണമില്ലാത്ത ഉത്സവാഘോഷങ്ങള്‍ എങ്ങനെ രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിന് കേരളത്തെ മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. കേരളത്തിലെ ആകെ കേസുകളുടെ 60 ശതമാനവും രേഖപ്പെടുത്തിയത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ്. ക്രമാനുഗതമായി കേസുകള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം മാത്രം 11,755 പുതിയ കേസുകള്‍ ഉണ്ടായതും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ആഗസ്റ്റ് 22നും സെപ്തംബര്‍ രണ്ടിനും ഇടയില്‍ നടന്ന ഓണാഘോഷമാണ് പിന്നീടിങ്ങോട്ട് വലിയ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം തെളിയിക്കാന്‍ വന്‍തോതില്‍ ആളുകള്‍ കൂട്ടംചേര്‍ന്നും ആഡംബരമായും ഉത്സവങ്ങള്‍ ആഘോഷിക്കണമെന്ന് ഒരു ദൈവവും മതവും ആവശ്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെയും രോഗവ്യാപനത്തില്‍ ഉത്സവാഘോഷങ്ങള്‍ക്ക് പങ്കുണ്ട്. ഈ സംസ്ഥാനങ്ങളുടെ 50-60 ശതമാനവും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഉണ്ടായത്. ഗണേശ ചതുര്‍ഥിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ഇതിന് കാരണമായിട്ടുണ്ട്. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഒക്ടോബറില്‍ പശ്ചിമബംഗാളില്‍ നടക്കുന്ന ദുര്‍ഗാപൂജയോടനുബന്ധിച്ചും ഇത്തരത്തിലുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.