ipl-rr

ദുബായ് : ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം തുടർച്ചയായി നാലുകളികൾ തോറ്റ രാജസ്ഥാൻ റോയൽസ് ഇന്നലെ അഞ്ചുവിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി വൻ തകർച്ചയിൽ നിന്ന് അൽപ്പം കരകയറി.

ഇന്നലെ ദുബായിൽ സൺറൈസേഴ്സ് ഉയർത്തിയ 158/4 എന്ന സ്കോർ ഒരു പന്തുമാത്രം ശേഷിക്കവേയാണ് രാജസ്ഥാൻ റോയൽസ് മറികടന്നത്. ഈ സീസണിലെ ആദ്യ മത്സരത്തിൽ ഓപ്പണറായിറങ്ങിയ ബെൻ സ്റ്റോക്സും (5), നായകൻ സ്റ്റീവൻ സ്മിത്തും (5),ബട്ട്ലറും (16) തുടക്കത്തിലേ പുറത്തായെങ്കിലും ചേസിംഗിൽ റോയൽസിനെ തളരാതെ നിറുത്തിയത് സഞ്ജു സാംസൺ(26), റോബിൻ ഉത്തപ്പ(18), റിയാൻ പരാഗ് (42*),രാഹുൽ തെവാത്തിയ (45*)എന്നിവരുടെ ഉത്തരവാദിത്വമുള്ള ബാറ്റിംഗാണ്. വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ച് മുന്നോട്ടുനീങ്ങിയ ഉത്തപ്പയെയും സഞ്ജുവിനെയും റാഷിദ് ഖാൻ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയെങ്കിലും ആറാം വിക്കറ്റിൽ ഒരുമിച്ച തെവാത്തിയയും പരാഗും ചേർന്ന് 47 പന്തുകളിൽ നിന്ന് 85 റൺസടിച്ചുകൂട്ടി വിജയത്തിലെത്തിക്കുകയായിരുന്നു.

28 പന്തുകളിൽ നാലുഫോറും രണ്ട് സിക്സുമടക്കം 45 റൺസുമായി പുറത്താകാതെ നിന്ന തെവാത്തിയയാണ് മാൻ ഒഫ് ദ മാച്ച്. പഞ്ചാബിനെതിരായ ചേസിംഗിന് ശേഷം തെവാത്തിയ ഫോമിലേക്ക് എത്തിയത് ഇന്നലെയാണ്. പരാഗ് 26 പന്തുകളിൽ രണ്ടുവീതം ഫോറും സിക്സുമടക്കമാണ് 42 റൺസ് നേടിയത്.

നേരത്തേ മനീഷ് പാണ്ഡെ(54), ഡേവിഡ് വാർണർ(48),കേൻവില്യംസൺ(22*),ബെയർസ്റ്റോ(16) എന്നിവരുടെ പോരാട്ടമാണ് സൺറൈസേഴ്സിനെ 158ലെത്തിച്ചത്.