
കൊവിഡ് കാലത്തുണ്ടായ ഒരു പ്രധാന സംഭവവികാസം ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ ആഴത്തിലും പരപ്പിലുമുണ്ടായ വലിയ മാറ്റമാണ് . ഒരർത്ഥത്തിൽ, ദുരന്ത കാലത്ത് ഒരു രക്ഷകന്റെ പരിവേഷം അണിയാൻ ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്കായി.
പുത്തൻ സാങ്കേതിക മാർഗങ്ങൾ തൊഴിലവസരങ്ങൾക്ക് ഭീഷണിയായിതീരുമെന്ന പൊതുവിലുള്ള ധാരണയ്ക്ക് നേരെ വിപരീത ദിശയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്.
അടച്ചുപൂട്ടലിന്റേയും മറ്റ് നിയന്ത്രണങ്ങളുടെയും കാലത്ത് ഉണ്ടാകുമായിരുന്ന തൊഴിൽനഷ്ടം ഒരു പരിധി വരെ കുറയ്ക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ തുണയായി.
ഏറെ പ്രചാരം നേടിയ വീട്ടിലിരുന്നുള്ള ജോലി ക്രമത്തിന്റെ അടിത്തറ ഓൺലൈൻ സങ്കേതങ്ങളായിരുന്നു. കാര്യക്ഷമതയുടെ കാര്യത്തിൽ ഈ ജോലി സമ്പ്രദായവും ഓഫീസിലെ പണിയെടുക്കൽ ക്രമവും തമ്മിൽ അന്തര മില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ, ഓഫീസ് നിർവഹണത്തിന്റെ ചെലവുകൾ താഴ്ത്താനും വീട്ടിലെ പണി സഹായകരമാകുന്നു. ഇക്കാരണങ്ങളാൽ കോവിഡ്കാലം കഴിഞ്ഞാലും ഈ
ജോലി സമ്പ്രദായം തരക്കേടില്ലാത്ത തോതിൽ തുടരാനാണ് സാധ്യത. ചില സംരംഭകർ മേൽപ്പറഞ്ഞ രണ്ട് ജോലി ക്രമങ്ങളടേയുംഒരു 'കോംബോ" രീതിയിലേ ക്കും നീങ്ങിയേക്കാം. വീട്ടിൽ വെച്ചുള്ള ജോലി ക്രമത്തിന്റെ മറ്റൊരു മേന്മ അത് സ്ത്രീകൾക്ക് കൂടുതൽ സൗകര്യപ്രദമാണെന്നുള്ളതാണ്. തൊഴിൽ രംഗത്തെ സ്ത്രീസാന്നിധ്യം ഉയർത്താൻ ഈ രീതി പിന്തുണയ്ക്കും.
തൊഴിലിടത്ത് മാത്രമല്ല ഡിജിറ്റൽ സങ്കേതങ്ങൾ രക്ഷകരായിത്തീർന്നത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ ജനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കെൽപ്പുള്ള ഓൺലൈൻ വാണിഭം, ടെലി മെഡിസിൻ, ഓൺലൈൻ അദ്ധ്യയനം, വീഡിയോ കോൺഫറൻസിങ്, സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിനോദ അരങ്ങുകളുടെ നീണ്ടനിര,ഫിൻടെക് തുടങ്ങിയുള്ളവയ്ക്ക് വൻപ്രചാരമാണ് ഈ സമയത്തുണ്ടായത് .
പുതിയ തട്ടകങ്ങളുടെ സുഖസൗകര്യങ്ങൾ അനുഭവിച്ചറിഞ്ഞവർ കൊവിഡിനു ശേഷവും അത്തരം ഉപഭോഗ ശീലങ്ങൾ അവസാനിപ്പിക്കാനിടയില്ല. അവയോടുള്ള അനുരാഗവായ്പ് ഉയർത്താൻ പാകത്തിലുള്ള ചില സ്വഭാവവിശേഷങ്ങളാണ് ഡിജിറ്റൽ ടെക്നോളജിക്കുള്ളത്. ഒന്ന്, മറ്റ് സാങ്കേതികവിദ്യകളുടെ ദൗത്യം ചുരുക്കം ചില കാര്യനിർവഹണങ്ങളിൽ ഒതുങ്ങിനിന്നിരുന്നപ്പോൾ, ഒട്ടനവധി അത്ഭുത സിദ്ധികളാൽ നിബിഡ മായിരുന്നു ഡിജിറ്റൽ രംഗത്തെ മന്നേറ്റങ്ങൾ . രണ്ട്, മുൻകാല സാങ്കേതികവിദ്യകളെക്കാൾ ജനായത്ത സ്വഭാവം ഏറിയവയാണ് ഓൺലൈൻ സങ്കേതം.
താരതമ്യേന ചെറിയ ചെലവിൽ ഇവയുടെ അപാര സിദ്ധികൾ സ്വായത്തമാക്കാൻ കഴിയുന്നു; അതുകൊണ്ടുതന്നെ ജനകോടികളുടെ സ്വന്തം സാങ്കേതിക വിദ്യയായി അത് ഉയർത്തപ്പെട്ടിരിക്കുന്നു. മറ്റ് ഉത്പാദന മേഖലകളുടെ സാമ്പത്തികത്തിൽ നിന്നും അതിശയകരമായ വ്യത്യാസമാണ് ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്കുള്ളത്.
സാധാരണ ഉത്പാദന മേഖലകളെ നയിക്കുന്നത് ദൗർലഭ്യതയുടെ തത്വശാസ്ത്രം ആണെങ്കിൽ ഡിജിറ്റൽ മേഖലയെ പ്രചോദിപ്പിക്കുന്നത് ധാരാളിത്തത്തിന്റെ സാമ്പത്തികമാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യ വഴി പ്രദാനം ചെയ്യപ്പെടുന്ന സേവനങ്ങളുടെ നിർമ്മിതിക്കായി, മൊത്തത്തിൽ വലിയൊരു സംഖ്യ ചെലവിടേണ്ടി വരുമെ ങ്കിലും ഇവ കൂടുതൽ പേർക്ക് നൽകുന്ന തിനായിഅധിക ചെലവ് ഒന്നും വഹിക്കേണ്ടതായി വരുന്നില്ല. പരസ്യങ്ങളിൽ നിന്നും ഇന്റർനെറ്റ് കമ്പനികളിൽ നിന്നും അവശ്യംവേണ്ട വരുമാനം തരപ്പെടുത്താനാകുന്ന ഡിജിറ്റൽ കമ്പനികൾക്ക് സ്വന്തം സേവനങ്ങൾ ഏതാണ്ട് സൗജന്യമായിത്തന്നെ ഉപഭോക്താക്കൾക്ക് എത്തിക്കാൻ കഴിയുന്നു.
ജനജീവിതത്തിന്റെ നാനാതുറകളിലേക്കും ഡിജിറ്റൽ സാങ്കേതിക വിദ്യ പടർന്നു കയറിയപ്പോൾ,തത്ഫലമായുണ്ടായ വ്യാപാര ലാഭത്തിന്റെ സിംഹഭാഗവും വാരിക്കൂട്ടിയത് ടെക് ഭീമന്മാരായ ഗൂഗിൾ, ഫെയ്സ്ബുക്ക്, ആപ്പിൾ, ആമസോൺ, മൈക്രോസോഫ്ട്്, ഒറാക്കിൾ തുടങ്ങിയുള്ള അമേരിക്കൻ കമ്പനികളായിരുന്നു . ഇവരാണ് മുഖ്യ സേവനദാതാക്കളെങ്കിലും അവരുടെ വലിയ കമ്പോളമായി തീർന്നത്, ഇന്റർനെറ്റ് കണക്ടിവിറ്റി യിൽ ചൈനയ്ക്ക് ശേഷം, രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ (68.8കോടി) ആണ്. വാട്സാപ്പിന്റെ സ്ഥിരം വരിക്കാറായി ഇന്ത്യയിലുള്ളത് 30 കോടി ആൾക്കാരാണ്; ഫെയ്സ്ബുക്കിന് ഇവിടെയുള്ളത് 32.8കോടി അക്കൗണ്ടുകൾ; ഗൂഗിളിന്റെ യൂട്യൂബിന് 26.5കോടി ഉപഭോക്താക്കളാണ് നമ്മുടെ രാജ്യത്തുള്ളത്; ഇന്ത്യക്കാരുടെ സെർച്ച് എൻജിൻ ആയി, ഏതാണ്ട് പൂർണമായും (98ശതമാനം), പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഗൂഗിളാണ്. എന്നാൽ, അതേസമയംതന്നെ യുവജന സമൃദ്ധിയാലും അവരുടെ പ്രതിഭാ പൂരത്താലും സമ്പന്നയായ നമ്മുടെ രാജ്യത്തിന് മേൽപ്പറഞ്ഞ കമ്പനികളുടെ തലത്തിലുള്ള സംരംഭങ്ങൾ പടുത്തുയർത്താൻ കഴിഞ്ഞിട്ടില്ല . വിവരസാങ്കേതിക രംഗത്ത് നന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംരംഭങ്ങൾ നമുക്കുണ്ടെങ്കിലും, അവ മുഖ്യമായും ഏർപ്പെട്ടിരിക്കുന്നത് സോഫ്ട്വെയറും മറ്റും വികസിപ്പിച്ചെടുത്ത് അന്യ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിലാണ്. എന്നാൽ, കോവിഡ് കാലം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അപാര സാധ്യതകൾ നമ്മെ ബോധ്യപ്പെടുത്തിയി രിക്കുന്ന സാഹചര്യത്തിൽ, കോടിക്കണക്കിന് ആളുകൾക്ക് വിവിധങ്ങളായ സേവനങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്ന അമേരിക്കൻ മോഡൽ മാതൃകയാക്കാൻ സ്വദേശീയ കമ്പനികൾ മന്നോട്ടു വന്നേക്കാം. അത് ഫലം കാണുമെങ്കിൽ രാജ്യത്തെതൊഴിലവസരങ്ങളും ജി.ഡി.പി യും വർദ്ധിക്കുമെന്ന് മാത്രമല്ല ഡാറ്റാ ചോർത്തൽ, സുരക്ഷിതത്വ ഭീഷണി തുടങ്ങിയുള്ള അനാശാസ്യങ്ങളെ അകറ്റിനിറുത്താനുമാകും.