
കാർഷിക കേരളത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ വരുത്താവുന്ന രണ്ടാം കുട്ടനാട് പാക്കേജിന് തുടക്കമായിരിക്കുകയാണ്.പ്രതികൂല കാലാവസ്ഥയോട് നിരന്തരം പൊരുതി കേരളത്തിന്റെ നെല്ലറയെന്ന സ്ഥാനം സുരക്ഷിതമായി സൂക്ഷിക്കുന്ന കുട്ടനാടിന്റെ സമഗ്ര കാർഷിക പുരോഗതി ലക്ഷ്യമിട്ടുള്ള 2447.66 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷകളോടെ നിലവിൽ വന്ന രണ്ടാം പാക്കേജ് വിലയിരുത്തുന്നതിനൊപ്പം..... ഒന്നാം പാക്കേജിൽ നിന്നുള്ള പാഠങ്ങളും കുട്ടനാടിന്റെ കാർഷിക പ്രാധാന്യവും വികസനത്തിന്റെ നാൾവഴികളും വിശകലനം അർഹിക്കുന്നുണ്ട്.
സുപ്രധാന നിർദ്ദേശങ്ങൾ
സംസ്ഥാന ആസൂത്രണ ബോർഡ്, കിഫ്ബി, ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ, റീ ബിൽഡ് കേരള തുടങ്ങിയവയുടെ സംയുക്തശ്രമമായി നടപ്പിലാക്കുന്ന രണ്ടാം കുട്ടനാട് പാക്കേജിന്റെ നിർദ്ദേശങ്ങൾ നോക്കാം.
2018ലെയും 2019ലെയും പ്രളയങ്ങൾ നൽകിയ പാഠങ്ങളുടെ അടിസ്ഥാനത്തിൽ ഡച്ച് മാതൃകയിലുള്ള 'റൂം ഫോർ റിവർ" പദ്ധതി കുട്ടനാട്ടിൽ നടപ്പാക്കും.
കുട്ടനാട് മേഖലയിലെ കനാലുകൾ വൃത്തിയാക്കുക, തോട്ടപ്പള്ളി സ്പിൽവേയിലേക്കുള്ള കനാൽ ആഴത്തിൽ വീതികൂട്ടിയെടുക്കുക എന്നീ മുൻഗണനകൾ നടപ്പാക്കും. ഒപ്പം, ആലപ്പുഴ - ചങ്ങനാശേരി കനാലിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തീകരിക്കും.
തണ്ണീർത്തട സംവിധാനം പുനഃസ്ഥാപിക്കാൻ ഉതകുംവിധം വേമ്പനാട് തടാകത്തിലേത് ഉൾപ്പെടെ പ്ളാസ്റ്റിക് മാലിന്യവും ചെളിയും നീക്കം ചെയ്ത് നവീകരിക്കും. വെള്ളപ്പൊക്ക ലഘൂകരണത്തിന് ബണ്ടുകൾ നിർമ്മിക്കും.
സംയോജിത കാർഷിക പദ്ധതിയെന്ന രീതിയിൽ ഉൾനാടൻ മത്സ്യക്കൃഷി, താറാവ് വളർത്തൽ എന്നിവ വിപുലീകരിക്കും.
കുട്ടനാടിനെ പ്രത്യേക കാർഷിക മേഖലയായി പരിഗണിച്ച്, പ്രദേശത്തിന് പുതിയ വിളകലണ്ടർ, സമയബന്ധിത വിതരണ സംവിധാനം, പരമ്പരാഗത വാട്ടർ ഡ്രോയിംഗ് സംവിധാനം എന്നിവ കൊണ്ടുവരും.
പാക്കേജിന്റെ ഭാഗമായി കുട്ടനാട്ടിൽ സംയോജിത അരിപാർക്ക് സ്ഥാപിക്കാനും വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നു.
കാർഷിക ടൂറിസവും പാക്കേജ് ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായി അയ്മനത്തെ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി മാറ്റും.
തടാക കൈയേറ്റം തടയൽ, തടസമില്ലാത്ത വൈദ്യുതി വിതരണം, ജലശുദ്ധീകരണ പ്ളാന്റ് തുടങ്ങിയ നിരവധി ക്രിയാത്മക നിർദ്ദേശങ്ങളും രണ്ടാം പാക്കേജിൽ ഇടംപിടിക്കുന്നു.
വെള്ളപ്പൊക്കം നിയന്ത്രിക്കാനും പാരിസ്ഥിതിക ആഘാതം കുറച്ച് കുട്ടനാടിന്റെ കാർഷികസമ്പന്നത ഉറപ്പാക്കാനും അതുവഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഉദ്യേശിച്ചുള്ള പാക്കേജ്. മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
എന്തുകൊണ്ട്  കുട്ടനാട് പാക്കേജ് ?
സമുദ്രനിരപ്പിന് രണ്ടുമീറ്റർ താഴെ സ്ഥിതിചെയ്യുന്ന പാടശേഖരവും ഭൂമിയുടെ ജലനിരപ്പും ഒക്കെ ചേർന്ന കുട്ടനാടൻ പരിസ്ഥിതി ഏറെ സവിശേഷവും വെല്ലുവിളികളും നിറഞ്ഞതാണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 33000 ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് കുട്ടനാട്. 80 ശതമാനത്തിലേറെ പേരും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നു. കാലാവസ്ഥാമാറ്റം കൃഷിയിടങ്ങളിൽ ദുരിതം വിതയ്ക്കുകയും ചെയ്യുമ്പോൾ സവിശേഷശ്രദ്ധ കാത്തിരിക്കുന്നു.
2010 സെപ്തംബർ അഞ്ചിനാണ് എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷന്റെ നിർദ്ദേശപ്രകാരമുള്ള 1840 കോടിയുടെ ഒന്നാം കുട്ടനാട് പാക്കേജ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. എന്നാൽ അതിനുമുമ്പുതന്നെ കുട്ടനാടിനെ പുനഃസൃഷ്ടിക്കാനുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. 1975-ൽ പണി പൂർത്തിയാക്കിയ 'തണ്ണീർമുക്കം ബണ്ട്" അത്തരമൊരു ഇടപെടലാണ്. അതിനും മുമ്പേ 1971-ല 'കുട്ടനാട് അന്വേഷണ കമ്മിഷൻ", സ്ഥിരമായ ബണ്ട് നിർമ്മാണം, ശാസ്ത്രീയ മണ്ണ് പരിശോധന, കുട്ടനാട് വികസന അതോറിട്ടിയുടെ രൂപീകരണം എന്നിവ നിർദ്ദേശിച്ചിരുന്നു. 1978ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീജനൽ ഡെവലപ്മെന്റ് സ്റ്റ്ഡീസ് കുട്ടനാട്ടിൽ രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങളുടെ വ്യാപനവും കർഷകർക്ക് ന്യായമായ വേതനവും നിർദ്ദേശിച്ചിരുന്നതായി കാണാം. അതേവർഷം തന്നെ കേരള ശാസ്ത്രസാഹിത്യ പരിഷത്തും കുട്ടനാടിന്റെ നെല്ലുത്പാദന മേഖല നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുകയും നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. പാക്കേജുകളും പദ്ധതികളും വന്നപ്പോഴും 'കുട്ടനാടൻ പ്രശ്ന"ങ്ങൾ അപരിഹാര്യമായി തുടരുന്നുവെന്നതും വൈരുദ്ധ്യം!
പ്രതീക്ഷയുടെയും വെല്ലുവിളികളുടെയും പാക്കേജ്
സംസ്ഥാനത്തിന്റെ നെല്ലുത്പാദനത്തിൽ 20 ശതമാനത്തോളം കുട്ടനാടൻ പാടശേഖരങ്ങളുടെ സംഭാവനയാണ്. ഒപ്പം ഉൾനാടൻ മത്സ്യബന്ധനത്തിലും കുട്ടനാടിന്റെ പ്രാധാന്യം ചെറുതല്ല. സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി മാറുമ്പോഴാണ് പ്രളയപാഠങ്ങൾ പുതിയൊരു കുട്ടനാട് പാക്കേജിലേക്ക് പ്രതീക്ഷകളെ നയിക്കുന്നത്.
രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കുമ്പോൾ സർക്കാരിന് മുന്നിൽ നിരവധി വെല്ലുവിളികളുണ്ട് - പാഠങ്ങളുണ്ട്. ഒന്നാം പാക്കേജിന്റെ പാഠങ്ങൾ ശാസ്ത്രീയമായി വിലയിരുത്തിയാവണം പുതിയ പാക്കേജ് നടപ്പിലാക്കേണ്ടത്. കുട്ടനാടിനൊരു സ്വാഭാവിക ജൈവികതയും പാരിസ്ഥിതിക സവിശേഷതകളുമുണ്ട്. അതിനാൽ കുട്ടനാടിനെ ഒരു കരിങ്കൽക്കാടാക്കാതിരിക്കാൻ പുതിയ പാക്കേജിലെങ്കിലും ശ്രദ്ധിക്കണം ( ഒന്നാം പാക്കേജിലെ പരാജയ പാഠങ്ങൾ ഓർക്കുക). പ്രളയ സാദ്ധ്യതയുള്ള നാനൂറോളം ചെറുതുരുത്തുകൾ കുട്ടനാട്ടിലുണ്ട്. കോൺക്രീറ്റിന് പകരം കളിമൺ ബണ്ടുകളാണ് അവിടെയാവശ്യം.
ഒന്നാം കുട്ടനാട് പാക്കേജിന്റെ പോരായ്മകളും താളം തെറ്റിയ മുൻഗണനകളും പരിഗണിച്ചുകൂടിയാകണം പ്രളയഭീഷണിയില്ലാത്ത കുട്ടനാടിനായി നിർമ്മാണമാരംഭിക്കേണ്ടതും പ്രളയസാദ്ധ്യതക്കപ്പുറം കുട്ടനാടിനെ മാലിന്യമാക്കുന്നത് 50 മുതൽ എഴുപത്തഞ്ച് ശതമാനം വരെ അമിത കീടനാശിനി പ്രയോഗമാണ് (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പഠനം) 1991ൽ സംഭവിച്ച വിനാശകരമായ മത്സ്യരോഗം - വൻകുടൽ സിൻഡ്രോം - ഓർമ്മിക്കുമല്ലോ. മലിനമായ മണ്ണും ജലവും ജൈവസമ്പത്തും വീണ്ടെടുക്കാനും നിലനിറുത്താനുമുതകുന്ന നിർമ്മാണങ്ങൾക്കാവണം മുൻഗണന. നെൽക്കൃഷിക്കൊപ്പം കൊവിഡ് കാല ഊർജ്ജം പച്ചക്കറി കൃഷിയിലേക്ക് കൂടിയെത്തിയപ്പോൾ 'സുഭിക്ഷകേരളം" പോലുള്ള ജനകീയ പദ്ധതികൾ കാർഷിക കേരളത്തെ ഹരിതാഭമാക്കുന്നുമുണ്ട്. ആ പ്രതീക്ഷകൾക്കൊപ്പം ഒരു നാഴികക്കല്ലായി മാറാൻ രണ്ടാം കുട്ടനാട് പാക്കേജിനും കഴിയും - ശാസ്ത്രീയവും ജൈവികവുമായ പദ്ധതിയെ സമീപിച്ചാൽ 'മനുഷ്യൻ സൃഷ്ടിച്ച കുട്ടനാട്ടിൽ" അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ പുതിയ പാക്കേജിന് കഴിയും.