
പ്രമുഖ എഴുത്തുകാരൻ എം.രാഘവൻ നവതി പിന്നിടുന്നു. എത്രയെങ്കിലും മയ്യഴിക്കഥകൾ മലയാളികളോട് പറഞ്ഞ എം.രാഘവനും സഹോദരങ്ങളായ എം.മുകുന്ദനും എം.ശ്രീജയനും ഇപ്പോഴും സജീവമാണ്. കഥകളുടെ കേദാരമായ മയ്യഴി പുഴയും മൂപ്പൻ സായ്പിന്റെ ബംഗ്ലാവും പുത്തലത്തെ ഭഗവതിയും മയ്യഴിപ്പള്ളിയുമൊക്കെ ഇന്ന് ഓരോ മലയാളിയുടേതുമാണ്. ഇവിടെ ജനിച്ച് മരിച്ചവരും' ജീവിച്ചിരിക്കുന്നവരുമെല്ലാം കഥാപാത്രങ്ങളുടെ രൂപത്തിൽ എം.മുകുന്ദനും സഹോദരൻ എം.രാഘവനുമെഴുതിയ കഥകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥിരതാമസക്കാരാണ്.
ഫ്രഞ്ച് ഭരണകാലത്ത് മയ്യഴിയിലെ എക്കോൽ സെംത്രാൽ ദ് കൂർ കോംപ്ല മെന്തേറിലെ പഠന ശേഷം മുംബയിലെ ഫ്രഞ്ച് കോൺസുലേറ്റിൽ സാംസ്്കാരിക വിഭാഗത്തിലും പിന്നീട് ദില്ലിയിലും ദീർഘകാലം ജോലി ചെയ്തു.ഫ്രഞ്ച് എംബസിയിൽ ആർട്ട് ആൻഡ് കൾച്ചർ സെക്രട്ടറിയായാണ് രാഘവൻ വിരമിച്ചത്. അക്കാലത്ത് ദില്ലിയിലെ മലയാളി സമാജത്തിന് വേണ്ടി ധാരാളം നാടകങ്ങൾ എഴുതിയിരുന്നു. ഭാര്യ അംബുജാക്ഷി ഈ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സർവീസ് ജീവിതത്തിനിടയിൽ സാഹിത്യത്തിന് ഏറെയൊന്നും സംഭാവന ചെയ്തിട്ടില്ലാത്ത എം.രാഘവൻ , ജോലിയിൽ നിന്നു വിരമിച്ച്  മയ്യഴിയിൽ സ്ഥിരതാമസമാക്കിയതിന് ശേഷമാണ് സാഹിത്യരചനയിൽ മുഴുകിയത്. മിക്ക എഴുത്തുകാരും ഏതാണ്ട് എഴുത്ത് നിറുത്തുന്ന ഒരു വേളയിലാണ് രാഘവൻ കഥയെഴുത്തിൽ സജീവമാകുന്നത്. ഇതിവൃത്തത്തിലും രചനാരീതിയിലും ധന്യമായ സവിശേഷതകൾ പുലർത്തുന്നവയാണ് രാഘവന്റെ ചെറുകഥകൾ. ഭാഷയിൽ നിന്നും ജീവിതത്തിൽ നിന്നുമുള്ള അകന്നു പോക്കാണ്  മലയാള കഥാസാഹിത്യത്തിൽ ഇന്നള്ള ദുഃസ്ഥിതിയ്ക്ക് മുഖ്യകാരണമെന്ന് എം.രാഘവൻ പറയുന്നു. ഒരുപാട് കാലം ഡൽഹിയിൽ കഴിഞ്ഞിട്ടും, ഡൽഹിയെ കേന്ദ്രീകരിച്ചുള്ള ഒരു കഥയും വന്നു കാണുന്നില്ലല്ലോ? ഡൽഹിയിൽ ചെലവഴിച്ച ഇരുപത്തിയെട്ട്  വർഷക്കാലം ഞാനെഴുതിയ കൃതികളിൽ ചുരുക്കം ചിലത് അവിടത്തെ പശ്ചാത്തലത്തിലുള്ളവ തന്നെയായിരുന്നു. 'നനവ് "എന്ന സമാഹാരത്തിലെ ആദ്യ നാലഞ്ചെണ്ണം അത്തരത്തിലുള്ളവയാണ്. എങ്കിലും ജീവിതത്തിന്റെ 'സുവർണകാലം" കഴിച്ചുകൂട്ടിയ തലസ്ഥാന നഗരം കഥകളിൽ വേണ്ടത്ര പ്രതിഫലിക്കുന്നില്ല എന്നത് വാസ്തവം. മുകളിൽ പറഞ്ഞ നാലഞ്ച് കഥകൾ പോലും സത്യത്തിൽ ഡൽഹിക്കഥകളല്ല. എന്റെ കഥാപാത്രങ്ങളെ, സംഭവങ്ങളെ, ഞാൻ തലസ്ഥാനത്ത് എനിക്ക് പരിചയമുള്ള പശ്ചാത്തലത്തിൽ എടുത്തു വയ്ക്കുന്നുവെന്ന് മാത്രം. വടക്കേ ഇന്ത്യൻ ജീവിതം ഹൃദയത്തിന്റെ ആഴത്തിൽ ഒരിക്കലും ഇറങ്ങിയെത്തിയിരുന്നില്ല. ഇന്നത്തെ മയ്യഴി വാസ്തവത്തിൽ മയ്യഴിയല്ല. ജീവിതത്തിന്റെ ആദ്യത്തെ പതിനെട്ട്  വർഷം ഞാൻ മയ്യഴിയിൽ ജീവിച്ചു. ഈ കൗമാര ബാല്യകാലഘട്ടം എന്നെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. അതുമാത്രമാണ് യാഥാർത്ഥ്യം. മറ്റുള്ള വർഷങ്ങളൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു. ഇന്നത്തെ മയ്യഴിയിൽ, എനിക്ക് പ്രകൃതി, പുഴ, കാറ്റ് ഇതൊക്കെ ആശ്വാസം തരുന്നു. എങ്കിലും ഇവിടത്തെ വർത്തമാനം ദുർഭരണത്തിന്റെയും, മദ്യാധിക്യത്തിന്റെയും വേദിയാണ്. അതിലെനിക്ക് ചേരാൻ കഴിയില്ല.