
പീഡനം പീഡനം തന്നെ പാരിൽ. ഒരു കവിവചനത്തിന്റെ കാലിക മാറ്റം. അല്ലാതെ എങ്ങനെയാണ് പറയുക. പീഡനത്തെ. ശിലായുഗത്തിൽ തുടങ്ങി ചൊവ്വയിൽ 'ഫാസ്റ്റ് ഫുഡ് " കച്ചോടത്തിനു ലോകം തയ്യാറെടുക്കുന്ന കാലം. എങ്കിലും ഓർക്കണം. കലിയുഗമാണ്. നീതിന്യായങ്ങൾക്കു ചരമവും ദുർവികാരങ്ങൾക്ക് പുഷ്കല കാലവും. കഷ്ടവും സങ്കടവും ഒക്കെയുണ്ട്. പീഡനം കലികാല ദോഷമാണോ. ആണെങ്കിൽ പിന്നെ നമ്മുടെ നീതിന്യായ വ്യവസ്ഥകൾകൊണ്ട് 'കിംഫലം."
പീഡനത്തെ ചെറുക്കാൻ നിയമം പണ്ടേയുണ്ട്. എങ്കിലും ശക്തി പോരെന്നു തോന്നി. അങ്ങനെ 'പ്രൊട്ടക്ഷൻ ഒഫ് ചിൽഡ്രൻ ഫ്രം സെക്സ്വൽ ഒഫൻസസ്" എന്ന പുതിയ നിയമം വന്നു. 2012 നവംബർ 14ന്. നെഹ്റുവിന്റെ ജന്മദിനത്തിൽ - കുട്ടികളുടെ ദിനത്തിൽ 'പോക്സോ" എന്ന ചുരുക്കപ്പേരിട്ടു. 18 വയസിനു താഴെയുള്ള കുട്ടികളുടെ മേലുള്ള പീഡനത്തിനു ഗൗരവമേറി. പ്രത്യേക കോടതികൾ നിലവിൽ വന്നു. പിന്നെ അവയുടെ എണ്ണം കൂടി. കൂർമ്മബുദ്ധികളായ ന്യായാധിപന്മാരെ 'പോക്സോ" കോടതികളിൽ നിയമിച്ചു. അവിടെയും നിന്നില്ല. 2019ൽ ഒരു ഉഗ്രൻ ഭേദഗതി നിയമത്തിൽ വരുത്തി. തൂക്കിക്കൊല വരെ നൽകാം. ഇതിനപ്പുറം നമ്മുടെ ഭരണ, നിയമ വ്യവസ്ഥകൾക്കു എന്തുചെയ്യാനാവും. പക്ഷെ ഇന്നും പീഡനങ്ങൾ തുടരുന്നു.
ഡ്രഗ്സും കഞ്ചാവും ഒരു തലമുറയുടെ ശിരസൊടിച്ചു കളയുന്നു. വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാൻ അവർക്കു ത്രാണിയില്ലാതാകുന്നു. കുറ്റകരമായ ഒരാവേശത്തിനുള്ള പ്രേരണയാണ് അവരിൽ സംഭവിക്കുക. പിന്നെ അനന്തര ഫലത്തെക്കുറിച്ചു ചിന്തയില്ല. അച്ഛനെയും അമ്മയെയും ഭാര്യയെയും മക്കളെയും കുറ്റവാളി മറന്നു പോകുന്നു. കഞ്ചാവ് വേട്ട നന്നായി നടക്കുന്നു. പക്ഷേ മയക്കുമരുന്നു വേട്ട അത്രയൊന്നും കേൾക്കാറില്ല. വേട്ടകളെക്കുറിച്ച്, പീഡനങ്ങളെക്കുറിച്ച്, ഇരയുടെ വ്യഥകളെക്കുറിച്ച് മാദ്ധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകി വാർത്തകൾ കൊടുക്കുന്നു. പൊലീസിനാവുന്നതൊക്കെ അവരും ചെയ്യുന്നു. എന്തായാലും പീഡനങ്ങളുടെ ഗ്രാഫ് ഉയർന്നു കൊണ്ടേയിരിക്കുന്നു. അതിനനുകൂലമായ ഒരു കഥയുണ്ട്. ഒരു പ്രസവാശുപത്രിയാണ് രംഗം. നേരം, രാത്രി. പ്രസൂതികർമ്മ വിദഗ്ദ്ധയായ ഡോക്ടറോട് നഴ്സ് പറഞ്ഞു: ''ഡോക്ടർ, ഈ അടുത്തകാലത്തായി പ്രസവങ്ങളിൽ ചിലതൊക്കെ സംഭവിക്കുന്നു. പകൽ നടക്കുന്ന പ്രസവങ്ങൾ അധികം കുഴപ്പമില്ല. മിക്ക കേസുകളിലും ഒരു പ്രസവത്തിൽ ഒരു കുട്ടിയാണുണ്ടാവുക."
ഡോക്ടർ ഒന്നും മിണ്ടിയില്ല. നഴ്സിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. നഴ്സ് തുടർന്നു:
''എന്നാലിപ്പോൾ രാത്രി പ്രസവങ്ങളിൽ അങ്ങനെയല്ല. മിക്കവാറും പ്രസവങ്ങളിൽ രണ്ട് കുട്ടികൾ വീതം കാണും."
ഡോക്ടർ ഗൗരവം വിടാതെ മറുപടി പറഞ്ഞു:
''നിങ്ങൾ അതൊന്നും കാര്യമാക്കേണ്ട. പീഡന കാലമല്ലെ. രാത്രികളിൽ കുട്ടികൾക്കു ഒറ്റയ്ക്കു ജനിക്കാൻ പേടിയാ. അതുകൊണ്ടാണ് ഇരട്ടകളായി പിറക്കുന്നത്. സിസ്റ്റർ വേണ്ടതു ചെയ്തോണ്ടാൽ മതി.