
പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ ഇക്കാലത്ത് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പൂന്തോട്ടം. പൂന്തോട്ടത്തിന്റെ കാര്യത്തിലും വാസ്തു നോക്കാറുണ്ട്. ഏതൊക്കെ ചെടി നടാം ഏതൊക്കെ ചെടി പാടില്ല എന്നതിനെപറ്റി നിലനിൽക്കുന്ന ചില വിശ്വാസങ്ങളുണ്ട്.
ഇതിൽ പ്രധാനമായും മുള്ളുകളുള്ള ചെടികളെ പൊതുവേ ഒഴിവാക്കണമെന്നാണ് പറയുന്നത്. കള്ളിമുൾച്ചെടി വളർത്തുന്നത് ബന്ധങ്ങൾ ദുർബലമാക്കുമെന്നും ടെൻഷൻ കൂട്ടുമെന്നുമാണ് വിശ്വാസം. കുള്ളൻ രൂപത്തിലുള്ള ബോൺസായ് ചെടികൾ വളർച്ച മുരടിച്ചവയായതുകൊണ്ട് ഒഴിവാക്കണമെന്നും വാസ്തു പറയുന്നു.
വീട്ടിൽ വളർത്താൻ വേപ്പ് മരം നല്ലതാണെന്നാണ് വാസ്തുവിൽ പറയുന്നത്. എന്നാൽ വീട്ടുമുറ്റത്ത് വളരെ അടുത്തായി വേപ്പ് നട്ടുവളർത്തരുത്. 60 മീറ്ററെങ്കിലും അകലത്തിലായിരിക്കണം വേപ്പിന്റെ സ്ഥാനം.
ഉണങ്ങിയ ഇലകളും അമിതമായി വളരുന്ന കുറ്റിച്ചെടികളും ഒഴിവാക്കണം. ആൽമരവും അത്തിയും അമ്പലങ്ങളിലാണ് വളർത്തേണ്ടതെന്നും വാസ്തു പറയുന്നു. മുല്ലച്ചെടി വളർത്തിയാൽ ഉത്കണ്ഠ അകറ്റാനും സുഗന്ധം മനസിന് സമാധാനം തരാനും സഹായിക്കുമെന്നാണ് പറയുന്നത്. ജനലിനരികിലാണ് മുല്ലച്ചെടിയുടെ സ്ഥാനം. പീസ് ലില്ലി വളർത്തി ബെഡ്‌റൂമിലെ ജനലിനരികിൽ വെച്ചാൽ ശാന്തിയും ഭാഗ്യവും ഉണ്ടാകും.
പോസിറ്റീവ് ആയ ഊർജം പ്രദാനം ചെയ്യുന്ന ചെടിയായാണ് സ്‌നേക്ക് പ്ലാന്റ് അഥവാ സാൻസിവേറിയ കരുതപ്പെടുന്നത്. മുറിയിലെ ഓക്‌സിജന്റെ അളവ് വർധിപ്പിക്കാനും സ്‌ട്രെസ് ഒഴിവാക്കാനും ബെഡ്റൂമിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും സാൻസിവേറിയ സഹായിക്കുന്നുവെന്ന് വാസ്തുശാസ്ത്രം പറയുന്നു.