chaitanya-venkateswaran

ന്യൂഡൽഹി: ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി പതിനെട്ടുകാരി. ഡൽഹി സ്വദേശിയായ ചൈതന്യ വെങ്കിടേശ്വരനാണ് അന്താരാഷ്ട്ര ബാലികദിനാഘോഷങ്ങളുടെ ഭാഗമായി ഒരു ദിവസം ബ്രിട്ടീഷ് ഹൈ കമ്മീഷണറിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയത്. ഇന്ത്യയിലുള്ള,​ ബ്രിട്ടന്റെ ഏറ്റവും വലിയ നയതന്ത്രപദവിയാണിത്. 2017 മുതൽ ബ്രിട്ടീഷ് ഹൈ കമ്മീഷൻ നടത്തി വരുന്ന പരിപാടിയാണ് ‘ഹൈ കമ്മിഷണർ ഫോർ എ ഡേ’. ലോകത്താകെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. 18 മുതൽ 23 വയസ് വരെയുള്ള യുവതികൾക്കായാണ് മത്സരം നടത്തുക.

ഈ വർഷത്തെ വിജയിയാണ് ചൈതന്യ. വിവിധ വകുപ്പ് തലവന്മാരുമായും ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയ ചൈതന്യ വാർത്താസമ്മേളനത്തിലും പങ്കെടുത്തു. കൂടാതെ ബ്രിട്ടീഷ് കൗൺസിലിന്റെ എസ്.റ്റി.ഇ.എം സ്‌കോളർഷിപ്പ് സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം നടത്താനും ചൈതന്യ തീരുമാനിച്ചു. കൊവിഡ് കാലത്ത് ലിംഗസമത്വം നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ ഒരു മിനിറ്റ് വീഡിയോ ചെയ്ത് സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു മത്സരം. 215 പേർ മത്സരത്തിൽ പങ്കെടുത്തു.

ഏറ്റവും മികച്ച വ്യക്തിയെയാണ് തിരഞ്ഞെടുത്തതെന്ന് ചൈതന്യയുടെ ഒരു ദിവസത്തെ പ്രവർത്തനങ്ങളിൽ നിന്ന് മനസിലായെന്ന് ബ്രിട്ടീഷ് ഹൈ കമ്മിഷണർ ജാൻ തോംസൺ പറഞ്ഞു. ഇതൊരു സുവർണാവസരമാണെന്നായിരുന്നു ചൈതന്യ പ്രതികരിച്ചത്. ബിരുദവിദ്യാർത്ഥിയായ ചൈതന്യ,​ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ വിദൂര വിദ്യാഭ്യാസ കോഴ്‌സ് വഴിയാണ് പഠിക്കുന്നത്. മുഴുവൻ പഠനത്തിനുമുള്ള സ്‌കോളർഷിപ്പ് നേടിയിട്ടുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളിൽ അംഗവും സജീവ പ്രവർത്തകയുമാണ്.