woman

ഹൈദരാബാദ്: വീട്ടിൽ പൂജ നടത്തിയ 29കാരിയായ യുവതിയെ മർദിച്ച് അയൽക്കാരായ ഭാര്യയും ഭർത്താവും. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ അത്താപൂരിലാണ് സംഭവം നടന്നത്. ഇവിടത്തെ പാണ്ഡുരംഗ നഗറിലുള്ള വീട്ടിലെ 'ഗൃഹക്ഷേത്ര'ത്തിൽ പൂജ നടത്തുകയായിരുന്നു കവിത എന്ന് പേരുള്ള സ്ത്രീയെയാണ് അയൽക്കാരും ഭാര്യാഭർത്താക്കന്മാരുമായ യേശുവും രത്നയും ചേർന്ന് ആക്രമിച്ചത്. കവിത വീട്ടിൽ ആരാധന നടത്തുന്നത് കാരണം വൻ ഒച്ചയാണ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞാണ് ഇവർ യുവതിയെ ഇരുമ്പ് കമ്പി കൊണ്ട് മർദ്ദിച്ചത്.

ആക്രണത്തിൽ കവിതയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. എന്നാൽ കവിത വീട്ടിൽ ലൗഡ്സ്പീക്കർ ഉപയോഗിച്ചാണ് പൂജകൾ നടത്തുന്നതെന്നും ഇത് രാവിലെ ആറ് മണി മുതൽ 10 മണി വരെ നീളാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൂജയെ തുടർന്ന് നിരന്തരം കേൾക്കേണ്ടി വരുന്ന മണിയടി ശബ്ദങ്ങളും ആരാധനാ ഗാനങ്ങളുമാണ് ദമ്പതികളെ പ്രകോപിച്ചതെന്നും പൊലീസ് വിശദീകരിച്ചു.

ആക്രമണം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന കവിതയുടെ അമ്മയെയും ദമ്പതികൾ മർദ്ദിച്ചുവെന്നും വിവരമുണ്ട്. കവിതയുടെ ഈ ശീലത്തെ കുറിച്ച് മറ്റ് അയൽക്കാർക്കും പരാതി ഉണ്ടായിരുന്നതായും പൊലീസ് പറയുന്നുണ്ട്. എന്നിരുന്നാലും സംഭവത്തിൽ ദമ്പതികൾക്കെത്തിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ അതിനിടെ ഈ സംഭവത്തെ വർഗീയവത്കരിക്കാൻ സോഷ്യൽ മീഡിയ വഴി ശ്രമങ്ങൾ നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 'പ്രാർത്ഥന നടത്തിയ ഹിന്ദു സ്ത്രീയെ ക്രിസ്ത്യൻ മതവിശ്വാസികളായ ഭാര്യാഭർത്താക്കന്മാർ ആക്രമിച്ചു' എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്.