
ബംഗളൂരു: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടുള്ള ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം നിർമ്മിച്ച് പൂജ ചെയ്ത് ശ്രദ്ധേയനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന സ്വദേശി ബുസാ കൃഷ്ണ (38) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
ട്രംപിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞതു മുതൽ ഇയാൾ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ട്രംപിനോടുള്ള വലിയ ആരാധനയുടെ പേരിൽ ട്രംപ് കൃഷ്ണ എന്നാണ് ഇയാളെ നാട്ടുകാർ വിളിച്ചിരുന്നത്. വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാൾ ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത്.

നാല് വർഷം മുൻപ് ബുസയുടെ സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധനയുടെയും ഭക്തിയുടേയും തുടക്കം. പിന്നീട് ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗിലും വീട്ടിലും അങ്ങനെ എല്ലായിടത്തും ട്രംപ് നിറഞ്ഞു. പക്ഷേ ട്രംപിനെ ഒരിക്കൽ പോലും നേരിൽ കാണാൻ കഴിയാതെയാണ് ട്രംപ് കൃഷ്ണ വിട വാങ്ങുന്നത്. തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും അധികാരത്തിൽ വരുമെന്നതും കൃഷ്ണ പ്രതീക്ഷിച്ചിരുന്നു.