
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഐ.പി.എൽ വാതുവെപ്പ് സംഘങ്ങൾ പിടിയിൽ.ഓൺലൈൻ വഴി വാതുവെപ്പ് നടത്തിയ സംഘങ്ങളാണ് പിടിയിലായത്.വെള്ളിയാഴ്ച നടന്ന ഡൽഹി കാപ്പിറ്റൽസ്-രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെയായിരുന്നു വാതുവെപ്പ് നടത്തിയത്.
ഡൽഹി മുതൽ കോയമ്പത്തൂർ വരെ നിരവധി സ്ഥലങ്ങളിൽ റെയ്‍ഡുകൾ നടന്നു. മദ്ധ്യപ്രദേശിൽ നിന്ന് 20 പേരെ ഇൻഡോർ പൊലീസ് പിടികൂടി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിട്ടാണ് ഇൻഡോർ പൊലീസ് റെയ്ഡ് നടത്തിയത്. ഇൻഡോറിലെ രാജേന്ദ്രനഗറിൽ നിന്ന് 12 പേരും, ബൻഗംഗയിൽ നിന്ന് എട്ട് പേരുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 18 മൊബൈൽ ഫോൺ,ലാപ്‌ടോപ്പ്,41,000 രൂപ, വാതുവെച്ച രേഖകൾ എന്നിവ പിടികൂടി.
ദക്ഷിണ ഡൽഹിയിൽ നിന്ന് 17 പേരെയും അറസ്റ്റ് ചെയ്തു.ആന്ധ്രയിൽ നടത്തിയ റെയ്‍ഡിൽ 18 പേരാണ് പിടിയിലായത്. ഇവരിൽ നിന്ന് പണവും പിടിച്ചെടുത്തു. കോയമ്പത്തൂരിൽ ഒമ്പതംഗ സംഘവും, ഉത്തരാഖണ്ഡിൽ നാല് പേരും അറസ്റ്റിലായി. രാജസ്ഥാനിലും ഡൽഹിയിലും ഇന്ന് പരിശോധന നടക്കുന്നുണ്ട്.