akasavellari

അലങ്കാരത്തിനും ആരോഗ്യത്തിനും പറ്റിയ മികച്ചൊരു പച്ചക്കറിയാണ് ആകാശവെള്ളരി. പാഷൻഫ്രൂട്ടിന്റെ കുടുംബത്തിൽ പെട്ട വിളയാണ് ആകാശവെള്ളരിയും. ഒരിക്കൽ പിടിച്ചു കിട്ടിയാൽ വർഷങ്ങളോളം നിലനിൽക്കുമെന്നതാണ് പ്രത്യേകത. ജ്യൂസായും തോരനായും ഉപയോഗിക്കാവുന്ന ആകാശവെള്ളരി ഒന്നാന്തരമൊരു ഔഷധസസ്യം കൂടിയാണ്. പ്രമേഹം, രക്തസമ്മർദം, ആസ്ത്മ, ഉദരരോഗങ്ങൾ തുടങ്ങിയ ജീവിത ശൈലീരോഗങ്ങൾക്ക് ഉത്തമ ഔഷധമാണ്‌.

വിത്തുപയോഗിച്ചും തണ്ടുകൾ മുറിച്ചു നട്ടും കൃഷി ചെയ്യാം. രണ്ടടി വീതിയിൽ വേണം കുഴികളെടുക്കാൻ. കുഴികളിൽ മേൽമണ്ണ്, ഉണക്ക ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്തിളക്കി തൈകൾ നടാം. മഴയില്ലാത്തപ്പോൾ ദിവസവും നന്നായി നനച്ചു കൊടുക്കണം. തൈകൾ വള്ളിവീശിവരുമ്പോൾ തന്നെ പടർന്നു കയറാനായി പന്തലിട്ട് കൊടുക്കണം. മരങ്ങളിലും വീടിന് പുരപ്പറത്തേക്കുമൊക്കെ പടർത്താറുണ്ടെങ്കിലും കായ്കൾ പറിച്ചെടുക്കാൻ പന്തലിൽ പടർത്തുന്നതാണ് നല്ലത്. തണ്ടുകൾ നട്ടുപിടിപ്പിച്ച തൈകൾ ഒരു വർഷം കൊണ്ടു പൂവിട്ട് കായ്ക്കാൻ തുടങ്ങും. വർഷം മുഴുവൻ കായ്ക്കുന്ന ഇവ വേനൽക്കാലത്താണ് കൂടുതൽ വിളവ് തരിക. വള പ്രയോഗത്തിൽ നന്നായി ശ്രദ്ധിച്ചാൽ നല്ല കായ്ഫലം കിട്ടും. അതുപോലെ ദീർഘകാല ആയുസുള്ള ചെടി കൂടിയാണ് ആകാശവെള്ളരി. ഇറുനൂറ് വർഷത്തെ ആയുസാണ് ഇവയ്ക്കുള്ളതെന്ന് പറയപ്പെടുന്നു. കായ്‌കൾക്ക് രണ്ടുകിലോഗ്രാം വരെ തൂക്കം വയ്ക്കും. ഇളം പ്രായത്തിലാണ് പച്ചക്കറിയായിട്ട് ഉപയോഗിക്കുന്നത്, മൂന്നു മാസം കഴിയുന്നതോടെ പഴമായി ഉപയോഗിക്കാം. ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ഈ വിളയ്ക്ക് കഴിയുന്നതുകൊണ്ടു തന്നെ ആകാശവെള്ളരി കൃഷി ചെയ്യുന്നവരുടെ എണ്ണവും കൂടി വരികയാണ്.