mathur

സഞ്ചാരികളെ ആകർഷിക്കാൻ ഏറെ കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്നയിടമാണ് മാത്തൂർ. ഏഷ്യയിലെ ഏറ്റവും വലിയ തൊട്ടിപ്പാലം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കേരള തമിഴ്നാട് അതിർത്തിയായ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിന് സമീപമാണ് മാത്തൂർ തൊട്ടിപ്പാലമുള്ളത്. പാറാഴി ആറിന് കുറുകെയാണു ഇതു കെട്ടിയിരിക്കുന്നത്. കനാലിലെ വെള്ളം ആറ്റിൽ കലരാതെ കൊണ്ടുപോകാൻ നിർമ്മിച്ചതാണ് ഈ തൊട്ടിപ്പാലം. കന്യാകുമാരിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായിത് മാറിക്കഴിഞ്ഞു. 29 തൂണുകളിൽ നിർമിച്ചിരിക്കുന്ന തൊട്ടിപ്പാലത്തിന്റെ മുകളിൽനിന്നു നോക്കിയാൽ പാറാഴിയാറിന്റെ മനോഹരമായ ദൃശ്യങ്ങൾ കാണാം. പറളിയാറിന്റെ ഇരുകരയിലുമുള്ള കണിയാൻ പാറയ്ക്കും കൂട്ടുവായു പാറയ്ക്കും ഇടയിലാണ് തൊട്ടിപ്പാലം പണിതത്. 384 മീറ്റർ നീളത്തിൽ നിർമിച്ചിട്ടുള്ള പാലത്തിന് 105 അടിയോളം പൊക്കമുണ്ട്. 5.5 അടി വീതിയിൽ കനാലും അതിനരികിൽ നടന്നുചെല്ലാനുള്ള പാതയും ചേർന്നതാണ് തൊട്ടിപ്പാലത്തിന്റെ രൂപം.

തൊട്ടിപ്പാലത്തിലേക്കുള്ള ജലം പേച്ചിപ്പാറയിൽ നിന്നും ചിറ്റാറിൽ നിന്നും കോതയാർ ചാനൽ വഴിയാണ് എത്തുന്നത്. തുടർന്ന് ചെങ്കൊടി വടക്കുനാട് പാലങ്ങൾ വഴി തേങ്ങാപ്പട്ടണത്തിലെത്തുന്നു. മാത്തൂർ തൊട്ടിപ്പാലം വഴിയെത്തുന്ന വെള്ളം ജില്ലയിലെ വിളവൻകോട്, കൽക്കുളം താലൂക്കുകളിലാണ് ഉപയോഗിക്കുന്നത്. പാലത്തിന്റെ നിർമ്മാണ രീതിയും പറളിയാറുമാണ് മാത്തൂരിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ പടിക്കെട്ടുകളും പൂന്തോട്ടങ്ങളും ശില്പങ്ങളുമൊക്കെയായി രസകരമാണ് മാത്തൂർപ്പാലം. പൈനാപ്പിൾ ഏറ്റവും വില കുറവിൽ കിട്ടുന്നയിടം കൂടിയാണ് മാത്തൂർ.


എത്തിച്ചേരാൻ

മാർത്താണ്ഡംവഴി തിരുവട്ടാറിൽ എത്തിയാൽ മൂന്ന് കി.മീ അകലെയാണ് മാത്തൂർ തൊട്ടിപ്പാലം. പദ്മനാഭപുരം കൊട്ടാരത്തിൽനിന്ന് 14 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം