shayara-bano

ന്യൂഡൽഹി: മുത്തലാഖിനെതിരെ ആദ്യമായി സുപ്രീംകോടതിയെ സമീപിച്ച ശായറാ ബാനു ബി.ജെ.പി.യിൽ ചേർന്നു. മുസ്ലീം സ്ത്രീകളോടുളള ബി.ജെ.പി.യുടെ പുരോഗമനപരമായ സമീപനത്തിൽ ആകൃഷ്ടയായാണ് താൻ പാർട്ടിയിൽ ചേർന്നതെന്ന് ബാനു മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കായി അവർ പ്രചാരണത്തിനിറങ്ങിയേക്കുമെന്നും സൂചനയുണ്ട്.

2016ലാണ് മുത്തലാഖിനെതിരേ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ പിന്നീട് മുത്തലാഖ് ക്രിമനൽക്കുറ്റമാക്കി നിയമനിർമാണം നടത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ ശായറാ ബാനു ശനിയാഴ്ചയാണ് ബി.ജെ.പി.യിൽ അംഗത്വമെടുത്തത്. ദെഹ്‌റാദൂണിലെ സംസ്ഥാന സമിതി ഓഫീസിൽ സംസ്ഥാനാദ്ധ്യക്ഷൻ ബൻസിധർ ഭഗത്താണ് അംഗത്വം നൽകിയത്.

shayara-bano

സോഷ്യോളജിയിൽ മാസ്റ്റർ ബിരുദം സ്വന്തമാക്കിയ ശയറാ ബാനുവിന്റെ മുത്താലാഖിനെതിരെയുളള പോരാട്ടം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സ്വന്തം ഭർത്താവിൽ നിന്നുണ്ടായ ദുരനുഭവങ്ങളുടെ പശ്‌ചാത്തലത്തിലാണ് ശായറാ ബാനു മുത്തലാഖിനെതിരേയുളള പോരാട്ടത്തിന് മുൻ നിരയിൽ അണിനിരന്നത്. ഒരു അദ്ധ്യാപികയാകണമെന്നായിരുന്നു ബാനുവിന്റെ ആഗ്രഹം. എന്നാൽ മാതാപിതാക്കൾ കണ്ടെത്തിയ വിവാഹബന്ധം അവരുടെ സ്വപ്നങ്ങൾ തകർത്തു. അഭിഭാഷകരായ അമിത് ഛദ്ദ, ബാലാജി ശ്രീനിവാസൻ എന്നിവർ മുഖേനയാണ് ശായറാ സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തിയത്.