carlton-chapman

ബംഗളൂരു: ഇന്ത്യൻ ഫുട്‌ബോൾ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ കാൾട്ടൺ ചാപ്‌മാൻ അന്തരിച്ചു. മിഡ്ഫീൽഡർമാരിൽ ഒരാളായ കാൾട്ടൻ ചാപ്‌മാൻ 49ആം വയസിലാണ് വിടവാങ്ങുന്നത്. ഹൃദയാഘാതമാണ് മരണകാരണം. മിഡ്ഫീൽഡ് മാന്ത്രികൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1991 മുതൽ 2001 വരെ ഇന്ത്യൻ ദേശീയ ടീമിനായി ബൂട്ടുകെട്ടിയ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഐ.എം വിജയനും ജോപോൾ അഞ്ചേരിയും രാമൻ വിജയനുമൊക്കെ കളിച്ച എഫ്.സി കൊച്ചിന്റെ സുവർണസംഘത്തിന്റെ മദ്ധ്യനിര നിയന്ത്രിച്ചത് കർണാടക സ്വദേശിയായ ചാപ്‌മാനായിരുന്നു.

കരിയറിൽ ഈസ്റ്റ് ബംഗാളിനും ജെ.സി.ടിക്കും വേണ്ടി കളിച്ച അദ്ദേഹം തൊണ്ണൂറുകളിലാണ് ദേശീയ ടീമിൽ സജീവമാകുന്നത്. കളി നിർത്തിയ ശേഷം പരിശീലകന്റെ റോളിലും അദ്ദേഹം തിളങ്ങി. 2001ൽ വിരമിച്ച ശേഷം ഐലീഗ് രണ്ടാം ഡിവിഷനിൽ ടാറ്റ ഫുട്ബോൾ അക്കാദമി ടീമിനെ പരിശീലിപ്പിച്ചു. പിന്നീട് വിവിധ ടീമുകളെ പരിശീലിപ്പിച്ച കാൾട്ടൺ ചാപ്‌മാൻ ഒടുവിൽ കോഴിക്കോട് ആസ്ഥാനമായ ക്വാർട്ട്‌സ് ഇന്റർനാഷണൽ ഫുട്ബോൾ അക്കാദമിയുടെ ടെക്‌നിക്കൽ ഡയറക്‌ടറായിരുന്നു.

1993ൽ വിന്നേഴ്‌സ് കപ്പ് ടൂർണമെന്റിൽ ഈസ്റ്റ് ബംഗാളിനായി നേടിയ ഹാട്രിക്കാണ് ചാപ്‌മാനെ വിഖ്യാതനാക്കിയത്. ഐ.എം വിജയനും ബൈച്ചൂംഗ് ബൂട്ടിയക്കും ഒപ്പം ജെ.സി.ടിയിൽ കളിക്കവെ ടീം 14 കിരീടങ്ങളാണ് സ്വന്തമാക്കിയത്. സന്തോഷ് ട്രോഫിയിൽ കർണാടക, പഞ്ചാബ്, ബംഗാൾ ടീമുകൾക്കായും അദ്ദേഹം കളത്തിലിറങ്ങി.