
ന്യൂഡൽഹി: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബു സുന്ദറിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് നീക്കി. തൊട്ടുപിന്നാലെ രാജികത്ത് ഖുശ്ബു സോണിയഗാന്ധിക്ക് കൈമാറി. ഖുശ്‌ബു ബി.ജെ.പിയിൽ ഇന്ന് അംഗത്വമെടുക്കുമെന്ന് വിവരം. ഇന്ന് ഉച്ചയ്ക്ക് 12.30ന് ശേഷമാകും താരം ഡൽഹിയിൽ ബി.ജെ.പിയുടെ അംഗത്വം സ്വീകരിക്കുക. താരം കോൺഗ്രസ് പാർട്ടി വിടാൻ പോകുന്നു എന്ന തരത്തിലെ അഭ്യൂഹങ്ങൾ അടുത്തിടെ പരന്നിരുന്നു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച ഖുഷ്‌ബു താൻ പാർട്ടി വിടാൻ ഉദേശിച്ചിട്ടില്ല എന്നാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ഖുശ്‌ബുവിനെ പുറത്താക്കി കൊണ്ടുളള പത്രകുറിപ്പ് എ.ഐ.സി.സി പുറത്തുവിട്ടു. പാർട്ടിയിൽ താൻ പൂർണ സംതൃപ്തയാണെന്നും ബി.ജെ.പിയിലേക്ക് പോകാൻ തനിക്ക് ഉദ്ദേശമില്ലെന്നുമായിരുന്നു താരം പറഞ്ഞിരുന്നത്. ബി.ജെ.പി സഖ്യകക്ഷി നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയെ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഖുശ്ബു അഭിനന്ദിച്ചിരുന്നു.
കൂടാതെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ ഖുശ്ബു അതൃപ്തിയും പ്രകടമാക്കിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് താരം ബി.ജെ.പിയിലേക്ക് ചേക്കേറാനൊരുങ്ങുന്നു എന്ന തരത്തിലെ വാർത്തകൾ പരന്നത്. അതേസമയം, ഈയിടെ ഹാഥ്‌രസ് പെൺകുട്ടിയ്ക്ക് നീതി തേടി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഖുശ്ബു പങ്കെടുത്തിരുന്നു.