swapna-suresh

കൊച്ചി: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ മറവിലും സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷ് കമ്മിഷൻ പറ്റി. അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴിയിൽ സ്വപ്‌ന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിനായി യു.എ.ഇ കോൺസുലേറ്റ് നടപ്പാക്കിയ 5 കോടി രൂപയുടെ പദ്ധതിയിൽ തനിക്ക് 25 ലക്ഷം രൂപ കമ്മീഷനായി കിട്ടിയെന്നാണ് സ്വപ്‌ന മൊഴി നൽകിയത്.

വീടുകൾ പണിയാനായി കരാറുകാരനെ കണ്ടെത്താൻ കോൺസുലേറ്റ് ജനറൽ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സ്വപ്ന സുരേഷ് മൊഴിയിൽ പറയുന്നത്. ഇത് കണ്ടെത്തുന്നതിനായി താൻ പലരെയും പരിഗണിച്ചു. യു.എ.എഫ്.എഫ്.എക്സ് സൊല്യൂഷൻസ് എന്ന കമ്പനിയുടെ ഉടമ അബ്ദുൾ ലത്തീഫിനെ താൻ സമീപിച്ചു. അബ്ദുൾ ലത്തീഫ് ഈ പദ്ധതിയുടെ നിർമ്മാണം സുഹൃത്തും കരാറുകാരനുമായ ദിനൂപ് രാമചന്ദ്രനെ ഏൽപിച്ചുവെന്നും സ്വ‌പ്‌ന അന്വേഷണ ഏജൻസികളോട് വ്യക്തമാക്കി.

നിർമാണ കരാറിന് ആളെ കണ്ടെത്തി കൊടുത്തതിന് കോൺസുലേറ്റ് ജനറൽ തന്നെയാണ് തനിക്ക് കമ്മീഷൻ തന്നതെന്ന വിചിത്രമായ വാദവും സ്വപ്ന മുന്നോട്ടുവയ്ക്കുന്നുണ്ട്. കോൺസുലേറ്റ് ജനറൽ ഇത് തനിക്ക് സമ്മാനമായി തന്നതാണെന്നാണ് സ്വപ്‌ന പറയുന്നത്. 35,000 യു.എസ് ഡോളർ, വിപണിമൂല്യം ഏതാണ്ട് 25 ലക്ഷം രൂപയാണ് സ്വപ്നയ്ക്ക് സമ്മാനമായി കിട്ടിയത്. പ്രളയപുനരുദ്ധാരണ പദ്ധതിയുടെ നടത്തിപ്പിനിടെ തനിക്ക് കമ്മീഷൻ കിട്ടിയെന്ന് സ്വപ്‌ന സമ്മതിച്ചെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നതാണ്. എന്നാൽ എത്ര തുക കിട്ടി, എങ്ങനെയാണ് കിട്ടി എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പ്രളയത്തിൽ ഏറെ നാശനഷ്ടങ്ങളുണ്ടായ പന്തളത്തെ വീടുകൾ പുതുക്കിപ്പണിഞ്ഞു കൊടുക്കുന്ന പദ്ധതി യു.എ.ഇ കോൺസുലേറ്റ് ഏറ്റെടുത്തിരുന്നു. ഇത് യു.എ.ഇ കോൺസുലേറ്റ് തന്നെ സന്നദ്ധരായി മുന്നോട്ടുവന്ന പദ്ധതിയാണ്. ഇതിനായി കോൺസുലേറ്റ് നീക്കിവച്ചത് അഞ്ച് കോടി രൂപയാണ്. 150 വീടുകളാണ് പുതുക്കി പണിയാൻ തീരുമാനിച്ചിരുന്നത്.