
കടയ്ക്കാവൂർ: ഒരു ജോലി ലഭിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ കാണാൻ രണ്ടുദിവസം മുൻപ് വീടുവിട്ടിറങ്ങിയ എം.എ ബി.എഡ് ബിരുദധാരിയായ യുവതിയെ വിജയവാഡ റെയിൽവേസ്റ്റേഷനിൽ വച്ചു പൊലീസ് കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ അജിത എന്ന മുപ്പത്തിമൂന്നുകാരിയാണ് വീടുവിട്ടിറങ്ങിയത്. യുവതിയെ ഇന്ന് നാട്ടിലെത്തിക്കും.
കേരളത്തിൽ തനിക്ക് ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് വീടുവിട്ടിറങ്ങിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പൊലീസ് പറയുന്നത്: പാവപ്പെട്ട കുടുംബത്തിൽപ്പെട്ട അജിത വിവാഹമോചിതയായി കൂലിപ്പണിക്കാരായ മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. വീടുകളിൽ ട്യൂഷനെടുത്താണ് ഇത്രയും കാലം കുടുംബം പുലർത്തിയിരുന്നത്. പലതവണ പി.എസ്.സി പരീക്ഷയെഴുതിയെങ്കിലും റാങ്ക് ലിസ്റ്റിൽ ഇടം നേടാത്തതിന്റെ മനോവിഷമത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കൾ പറയുന്നു. രണ്ട് ദിവസം മുൻപ് ആരോടും പറയാതെ യുവതി വീടുവിട്ടിറങ്ങുകയായിരുന്നു. 
കഴിഞ്ഞ ദിവസം മാതാപിതാക്കൾ യുവതിയെ കാണാനില്ലെന്ന് കാട്ടി അഞ്ചുതെങ്ങ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് യുവതി ന്യൂഡൽഹിക്ക് ടിക്കറ്റ് എടുത്തതായി കണ്ടെത്തി.  റെയിൽവേ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  കണ്ടെത്തിയത്.